ശ്രീധരന്‍ പിള്ളയ്ക്ക് ഹൈക്കോടതി നോട്ടിസ്
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മുസ്‌ലിം സമുദായത്തിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ശ്രീധരന്‍ പിള്ളയ്ക്ക് നോട്ടിസ് അയച്ചു. ഏപ്രില്‍ 13ന് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് യോഗത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയെന്നാരോപിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റായ വി. ശിവന്‍കുട്ടി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് ശ്രീധരന്‍ പിള്ളയ്ക്ക് നോട്ടിസ് പുറപ്പെടുവിച്ചത്. നേരത്തെ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടും ഹൈക്കോടതി തേടിയിരുന്നു. ശ്രീധരന്‍പിള്ളയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.
'ഇസ്‌ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ, വസ്ത്രം മാറ്റി നോക്കണ്ടേ' എന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതും തെരഞ്ഞെടുപ്പ് ചട്ട ലംഘനവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് വി. ശിവന്‍കുട്ടി ഹരജി നല്‍കിയിരിക്കുന്നത്.
ഇത്തരം പ്രസംഗങ്ങള്‍ക്കെതിരേ പൊലിസ് മതിയായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സൗഹാര്‍ദം തകരുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാമര്‍ശം നടത്തിയത് സമൂഹത്തില്‍ വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനാണ്. മുസ്‌ലിംകളെ പ്രതിസന്ധിയിലാക്കാനും സ്വന്തം പാര്‍ട്ടിക്കാരെ പ്രീണിപ്പിക്കാനുമാണ് ഇത് ചെയ്തത്. പ്രസംഗം ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും മാതൃകാ തെരഞ്ഞെടുപ്പ് ചട്ടപ്രകാരവും കുറ്റകരമാണ്. ജാതി, മത, ഭാഷാ, വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ പാടില്ലെന്നാണ് മാതൃകാ പെരുമാറ്റചട്ടം പറയുന്നത്. ഇത്തരം പ്രസംഗങ്ങള്‍ക്കെതിരേ ഐ.പി.സി 153-എ, 295-എ, 298 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ഹരജിയിലുണ്ട്.
നിയമം അറിയാത്തത് നിയമലംഘനത്തിനോ നിഷേധത്തിനോ കാരണമായി ഉന്നയിക്കാന്‍ സാധാരണക്കാരന് പോലും കഴിയില്ലെന്നിരിക്കെ അഭിഭാഷകനായ വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പ്രസംഗം ഉണ്ടായതെന്നത് ഗൗരവമുള്ള വിഷയമാണെന്നും അതിനാല്‍ കേസെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കണമെന്നും അന്വേഷണം പ്രത്യേക സംഘത്തിനോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."