പ്രതിഷേധങ്ങള്‍ അതിരുകടക്കുന്നു: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധസമരങ്ങള്ക്കെതിരേ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരങ്ങള്‍ നടത്തുന്നതിലൂടെ നടന്നത് കൊവിഡ് പ്രോട്ടോകോള്‍ ലംഘനമാണ്. ആരില്‍ നിന്നും ആര്‍ക്കും രോഗം വരാവുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. പ്രതിഷേധക്കാര്‍ മാസ്ക് ധരിക്കുകയോ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല. മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മന്ത്രി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കും. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്. പലരും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാനുള്ള സാധ്യതയാണുള്ളത്. അവരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്കും മുതിര്‍ന്നവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവരോടുംകൂടി ചെയ്യുന്ന ക്രൂരതയാണ്. ദുരന്ത നിവാരണ നിയമമനുസരിച്ചും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചും ഇത് കുറ്റകരവുമാണ്. ജാഗ്രത പാലിച്ചില്ലെങ്കില്‍ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണനിരക്കും വന്‍ തോതില്‍ വര്‍ധിക്കാന്‍ ഇടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."