കേരളത്തിന് സഹായവുമായി പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളും
പോണ്ടിച്ചേരി: പ്രളയം തകര്‍ത്ത കേരളത്തിനു സഹായവുമായി മറുനാടന്‍ വിദ്യാര്‍ഥികളും. പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിലെ ഇരുനൂറോളം വിദ്യാര്‍ഥികളുടെ കൂട്ടായ പരിശ്രമത്തില്‍ നാലു ദിവസംകൊണ്ടു പിരിച്ചെടുത്തത് എട്ടു ലക്ഷത്തോളം രൂപയും നാലു ലക്ഷം രൂപ വിലവരുന്ന മരുന്നും ഭക്ഷണവുമാണ്.
പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയില്‍നിന്നും നഗരത്തില്‍നിന്നുമാണ് ഇവര്‍ ഇത്രയും തുക പിരിച്ചെടുത്തത്. ചെന്നൈയില്‍നിന്നും തിരുപ്പൂരില്‍നിന്നും രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന വസ്ത്രങ്ങളും ഇവര്‍ കേരളത്തിലേക്കെത്തിച്ചു. ശേഖരിച്ച മരുന്നും ഭക്ഷണവും വിദ്യാര്‍ഥികള്‍വഴി നേരിട്ടു ക്യാംപുകളിലെത്തിക്കുകയായിരുന്നു. അട്ടപ്പാടി, ഇടുക്കി, ചെങ്ങന്നൂര്‍, വയനാട് തുടങ്ങി നാല്‍പതോളം ക്യാംപുകളിലേക്ക് ഇവര്‍ സഹായമെത്തിക്കുകയും രക്ഷാപ്രവര്‍ത്തനത്തിനു വിദ്യാര്‍ഥികളെ അയക്കുകയും ചെയ്തു.
ക്യാംപുകള്‍ കേന്ദ്രീകരിച്ചുള്ള സഹായ പ്രവര്‍ത്തനത്തിനു പുറമെ രണ്ടര ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറിയിട്ടുണ്ട്.
ഇതിലേക്കായി ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നാണ് വ്യത്യസ്ത ആശുപത്രികള്‍ സംഭാവന ചെയ്തത്. ശേഖരിച്ച ഭക്ഷണവും വസ്ത്രങ്ങളും കേരളത്തിലേക്കെത്തിക്കാന്‍ വിവിധ ട്രാവല്‍സുകളും മുന്നോട്ടുവന്നു.
റെയില്‍വേയും സൗജന്യ ചരക്ക് ഗതാഗതത്തിനു വഴിയൊരുക്കിയിരുന്നു. വിദേശികള്‍ സംഭാവന ചെയ്ത പതിനഞ്ച് യൂറോയും ഇരുപത് സെന്റും ലേലത്തിനു വയ്ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."