പ്രളയ ദുരന്തം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രീയ പഠനം നടത്തും
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തെ കുറിച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ്( ആര്‍.ജി.ഐ.ഡി.എസ്) ശാസ്ത്രീയ പഠനം നടത്തുന്നു. പ്രകൃതി ദുരന്ത നിവാരണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മൈക്കിള്‍ വേദ ശിരോമണി ഐ.എ.എസിന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി ആര്‍.ജി.ഐ.ഡി.എസ് ഡയരക്ടര്‍ ബി.എസ് ഷിജു അറിയിച്ചു.
ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍, ദേശീയ ഭൂമി ശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ മത്തായി, കെ.എസ്.ഇ.ബി മുന്‍ ഡയരക്ടര്‍ മുഹമ്മദ് അലി റാവുത്തര്‍, ജലസേചന വകുപ്പിലെ മുന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തോമസ് വര്‍ഗീസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ദുരന്തത്തിലേക്ക് നയിച്ച ഘടകങ്ങള്‍, നേരിടാന്‍ നടത്തിയ തയാറെടുപ്പുകള്‍, നേരിടുന്നതിലുണ്ടായ വീഴ്ച, ദുരന്തത്തിന്റെ വ്യാപ്തി, ദുരന്ത ബാധിത പ്രദേശങ്ങളിലുണ്ടായ നഷ്ടം, രക്ഷാ പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ച, ഇത്തരം ദുരന്തങ്ങള്‍ നേരിടുന്നതിന് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളാകും സമിതി പഠന വിധേയമാക്കുക. സമിതി അംഗങ്ങള്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. ബന്ധപ്പെട്ട വിവിധ മേഖലയിലെ വിദഗ്ധരുമായും സമിതി ആശയ വിനിമയം നടത്തും. ഇതിനു ശേഷമാകും റിപ്പോര്‍ട്ട് തയാറാക്കുക.
ഒരാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും ഒരു മാസത്തിനുള്ളില്‍ സമഗ്ര റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."