വോട്ടെല്ലാം പെട്ടിയിലായി; ആത്മവിശ്വാസത്തോടെ നേതാക്കള്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തങ്ങളുടെ മുന്നണിയുടെ ജയസാധ്യതകള്‍ വിലയിരുത്തിക്കൊണ്ടും ആത്മവിശ്വാസം പ്രകടിപ്പിച്ചും വിവിധ മുന്നണി നേതാക്കള്‍ രംഗത്തെത്തി.
ഫലപ്രഖ്യാപനത്തിന് കാത്തുനില്‍ക്കുന്നതിനൊപ്പം തങ്ങളുടെ കരുത്തും മറ്റുള്ളവരുടെ പോരായ്മകളും വ്യക്തമാക്കിക്കൊണ്ട് നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുകയാണ്.
യു.ഡി.എഫ് വോട്ടുകള്‍ ഭിന്നിച്ചത് സി. ദിവാകരന് ഗുണമാകും: ജി.ആര്‍ അനില്‍
തിരുവനന്തപുരത്ത് 25,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം വിജയക്കൊടി പാറിക്കുമെന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജി.ആര്‍ അനില്‍.
തലസ്ഥാനത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കേണ്ട വോട്ടുകളില്‍ പലതും ബി.ജെ.പിക്ക് പോയിട്ടുണ്ട്. യു.ഡി.എഫ് വോട്ടുകള്‍ ഭിന്നിച്ചത് ദിവാകരന് കൂടുതല്‍ ഗുണമാകും. പ്രചാരണത്തില്‍ ലഭിച്ച സ്വീകാര്യത തകര്‍ക്കാന്‍ യു.ഡി.എഫ് -എന്‍.ഡി.എ മുന്നണികള്‍ ശ്രമിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും അനില്‍ പറഞ്ഞു.
പോളിങ് ശതമാനം ഉയര്‍ന്നത് യു.ഡി.എഫിന് അനുകൂലം: തമ്പാനൂര്‍ രവി
കഴിഞ്ഞ തവണത്തേക്കാള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പോളിങ് ശതമാനം ഉയര്‍ന്നത് യു.ഡി.എഫിന് അനുകൂലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ തമ്പാനൂര്‍ രവി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.
2009 ലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനമായിരിക്കും ഇത്തവണയും. കൂടാതെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച ഭൂരിപക്ഷം നേടും.
യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരേ വ്യാജപ്രചാരണങ്ങള്‍ നടത്തിയിട്ടും തലസ്ഥാനത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ അതെല്ലാം തള്ളിക്കളഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് ഉയര്‍ന്ന പോളിങ് ശതമാനം.
വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പരാജയഭീതി: എം.ടി രമേശ്
തിരുവനന്തപുരം: മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നതില്‍ സംശയമില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
പരാജയഭീതി മൂലമാണ് സി.പി.എമ്മും കോണ്‍ഗ്രസും വ്യാജ പ്രചാരണങ്ങള്‍ നടത്തിയത്.
ഫലപ്രഖ്യാപനത്തിനുശേഷം നടത്താനിരിക്കുന്ന ന്യായീകരണത്തിന്റെ റിഹേഴ്‌സലായിരുന്നു ഇത്.
വോട്ടിങ് യന്ത്രത്തിനെതിരേ പലയിടത്തും വ്യാജ പ്രചാരണങ്ങള്‍ നടത്തി. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമായിരുന്നു.
ഉറപ്പിച്ച വിജയം: വി. ശിവന്‍കുട്ടി
എ. സമ്പത്തിന്റെ വിജയത്തില്‍ യാതൊരു സംശയവുമില്ല. എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമായിരുന്നു തെരഞ്ഞെടുപ്പിലുടനീളം കാണാന്‍ കഴിഞ്ഞത്. മറ്റുള്ളവരുടെ ആരോപണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളയും. പോളിങ് ശതമാനം ഉയര്‍ന്നത് ഭൂരിപക്ഷം കൂട്ടുമെന്നും എല്‍.ഡി.എഫ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി വി. ശിവന്‍കുട്ടി.
ചരിത്രം തിരുത്തിക്കുറിക്കും: മലയിന്‍കീഴ് രാധാകൃഷ്ണന്‍
മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത തരം പിന്തുണയാണ് സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ലഭിച്ചത്. സി.പി.എം കുടുംബങ്ങളിലെ വനിതകള്‍ വരെ ശോഭയ്ക്ക് പിന്തുണയുമായി രംഗത്തിറങ്ങിയിരുന്നു. 15000-25000 ഭൂരിപക്ഷം വോട്ടുനേടി മണ്ഡലം എന്‍.ഡി.എ പിടിച്ചെടുക്കും. പ്രചാരണത്തില്‍ ബി.ജെ.പി നേടിയ സ്വീകാര്യതയെ പ്രതിരോധിക്കാന്‍ ഇരുമുന്നണികളും ശ്രമിച്ചെങ്കിലും നടന്നിട്ടില്ല.
ജയം സുനിശിതം: കരകുളം കൃഷ്ണപിള്ള
ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ വിജയം സുനിശ്ചിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള. 20000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാവും അദ്ദേഹം പാര്‍ലമെന്റിലേക്ക് പോകുന്നത്.
സി.പി.എമ്മിന്റെ പ്രത്യേക നയത്തിന്റെ ഭാഗമായി കള്ളവോട്ടുകള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും യു.ഡി.എഫ് പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒരു ലക്ഷത്തോളം വ്യാജ വോട്ടര്‍മാരെ കണ്ടെത്താനായി. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ സ്വാധീനം ചെലുത്താനായില്ലെന്നും അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."