സെക്രട്ടേറിയറ്റിലെ തീപിടിത്തം ഫാനില്‍ നിന്നെന്ന്: പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പൊളിറ്റിക്കല്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് ഫാനില്‍ നിന്നാണെന്ന പ്രാഥമിക റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി. അടച്ചിട്ട മുറിയിലെ വാള്‍ ഫാന്‍ തകരാറായി പ്ലാസ്റ്റിക് ഉരുകി സമീപത്തെ കര്‍ട്ടനിലേക്കും ഷെല്‍ഫിലേക്കും പേപ്പറിലേക്കും വീണതാണ് തീപിടിത്തത്തിനു കാരണമെന്നാണ് പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട്.
24, 25 തിയതികളില്‍ കൊവിഡ് മാനദണ്ഡപ്രകാരം മുറി അണുമുക്തമാക്കാന്‍ അടച്ചിട്ടിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണം നടത്താന്‍ മരാമത്ത് ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ പരിശോധനയ്ക്കുശേഷം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും.
അതേസമയം, കത്തിനശിച്ചത് മുന്‍ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളില്‍ മുറികള്‍ ബുക്ക് ചെയ്തതിന്റെ രേഖകളുമാണെന്ന് പൊലിസ് വ്യക്തമാക്കി. തീപിടിത്തവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് ഇതു സൂചിപ്പിച്ചിരിക്കുന്നത്.
അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ രാജീവന്റെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്. തീപിടിത്തം അന്വേഷിക്കുന്ന എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി എ. കൗശികന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ഇന്നലെ സെക്രട്ടേറിയറ്റില്‍ തെളിവെടുപ്പ് നടത്തി.
അട്ടിമറി സാധ്യതയുള്‍പ്പെടെ അന്വേഷണസംഘങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അന്തിമ വിലയിരുത്തലില്‍ എത്താനാകൂ എന്നാണ് അന്വേഷണസംഘങ്ങളുടെ പ്രതികരണം. മണ്ണെണ്ണയുടെയോ തീപ്പെട്ടിയുടെയോ തീകൊളുത്താനുപയോഗിക്കുന്ന മറ്റു വസ്തുക്കളുടെയോ സാന്നിധ്യമുണ്ടോ എന്ന് ഇന്നലെ ഫൊറന്‍സിക് സംഘം പരിശോധിച്ചു. ഏതൊക്കെ ഫയലുകളാണ് കത്തിപ്പോയതെന്നും കൗശികന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."