ആദ്യഘട്ടം സുബ്ഹി നിസ്കാരത്തിനു മാത്രം! ബഹ്റൈനില്‍ വെള്ളിയാഴ്ച മുതല്‍ ഘട്ടം ഘട്ടമായി പള്ളികള്‍ തുറക്കാന്‍ തീരുമാനം
മനാമ: ബഹ്റൈനില്‍ ഓഗസ്റ്റ് 28 വെള്ളിയാഴ്ച മുതല്‍ ഘട്ടം ഘട്ടമായി പള്ളികള്‍ തുറക്കാന്‍ ഔഖാഫ്-നീതിന്യായ-ഇസ്ലാമിക കാര്യ മന്ത്രാലയം തീരുമാനിച്ചു.
നേരത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ആരാധനാലയങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.
നിലവില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ വെള്ളിയാഴ്ച സുബ്ഹ് നമസ്കാരത്തിന് മാത്രമാണ് പള്ളികള്‍ തുറക്കുക. അല്‍ ഫാതിഹ് ഗ്രാൻറ് മോസ്കിലൊഴികെ ബാക്കി പള്ളികളില്‍ ജുമുഅ നമസ്കാരം തല്‍ക്കാലം ഉണ്ടാവുകയില്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് സുബ്ഹ് നമസ്കാരത്തിന് അനുമതി നല്‍കുക.
ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്.
ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് നമസ്കാരം നടക്കുന്നതെങ്കില്‍ അത്തരം പള്ളികള്‍ അടച്ചിടും. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പള്ളികളുടെ പ്രവേശന കവാടത്തില്‍ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കണം. നമസ്കരിക്കുന്നവര് ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് രണ്ട് മീറ്റര്‍ അകലം പാലിക്കണം. നമസ്കാരത്തിന് 10 മിനിറ്റ് മുമ്പായിരിക്കും പള്ളികള്‍ തുറക്കുക. ബാങ്കിന് അഞ്ച് മിനിറ്റ് കഴിഞ്ഞ് നമസ്കാരം ആരംഭിക്കും. നമസ്കാര ശേഷം 10 മിനിട്ട് കഴിഞ്ഞ് പള്ളികള്‍ അടക്കും. നമസ്കാരത്തിന് മുമ്പും പിമ്പുമുള്ള സുന്നത് നിസ്കാരങ്ങള്‍ പള്ളിയില്‍ അനുവദിക്കുന്നതല്ല.
15 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും നമസ്കാരത്തിന് വരാന്‍ വിലക്കുണ്ട്.
കോവിഡ് ലക്ഷണങ്ങളുള്ളവര്‍ നമസ്കാരത്തിന് വരരുത്. മാസ്ക് ധരിച്ച് വേണം പള്ളികളില്‍ പ്രവേശിക്കാൻ. സാനിറ്റൈസര്‍ അടക്കമുള്ള ശുചീകരണ നടപടികള്‍ പള്ളിയില്‍ കയറും മുമ്പ് പൂര്‍ത്തിയാക്കണം. പ്രാര്‍ഥിക്കാനത്തെുന്നവര്‍ വാതിലില്‍ സ്പര്ശിക്കാതിരിക്കാനായി പള്ളിയുടെ വാതിലുകള്‍ തുറന്നിടേണ്ടതാണ്. നമസ്കാരത്തിന് മുമ്പും ശേഷവും വാതില്‍ പിടികള്‍ ശുചീകരിക്കണം. നമസ്കാരത്തിന് മുമ്പോ ശേഷമോ കൈകൊടുക്കുന്നത് ഒഴിവാക്കണം. കസേരയിലിരുന്ന് നമസ്കരിക്കുന്നവര്ക്കായി നേരത്തെ തന്നെ അവ ശുചീകരണം നടത്തി സൂക്ഷിക്കണം.
അംഗശുദ്ധി വരുത്താനുള്ള സ്ഥലവും ബാത് റൂമുകളും കുടിവെള്ള സംവിധാനങ്ങളും അടച്ചിടും. വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തിയാണ് നമസ്കാരത്തിനെത്തേണ്ടത്. ഓരോരുത്തരും സ്വന്തമായി നമസ്കാര പടം കരുതേണ്ടതാണ്. നമസ്കാര ശേഷം അവ പള്ളിയില്‍ സൂക്ഷിക്കാന്‍ പാടില്ല. എന്നിങ്ങനെ കര്‍ശന വ്യവസ്ഥകളോടെയാണ് പള്ളികള്‍ തുറക്കാന്‍ അധികൃതര്‍ അനുമതി നല്‍കുന്നത്. ഇവ സംബന്ധിച്ച വിശദമായ അറിയിപ്പുകള്‍ സുന്നി ഔഖാഫിന്‍റെ ട്വിറ്റര്‍ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
بيان إدارة الأوقاف السنية حول الاشتراطات الصحية لإعادة فتح المساجد. #البحرين#كورونا#معا_ضد_الكورونا pic.twitter.com/WIjh84Sevo
— إدارة الأوقاف السنية (@sunniwaqf) August 26, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."