പുതിയ വിദ്യാഭ്യാസ നയം പ്രതീക്ഷയും അതിലേറെ ആശങ്കകളും നിറഞ്ഞത്: ഫോസ വെബ്ബിനാർ
ജിദ്ദ: പുതിയ വിദ്യാഭ്യാസ നയം പ്രതീക്ഷയും അതിലേറെ ആശങ്കകളും നിറഞ്ഞതാണെന്നു ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ( ഫോസ) ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച സൂം വെബിനാർ പ്രഭാഷകർ അഭിപ്രായപ്പെട്ടു. ഇന്ത്യാ ഗവണ്മെന്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയം ചർച്ചചെയ്യാനായി ഫോസ സംഘടിപ്പിച്ച വെബ്ബിനാർ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ അഡ്വ: രശ്മിത രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 34 നീണ്ട വർഷങ്ങൾക്കു ശേഷം വിദ്യാഭ്യാസ നയം അടിമുടി ഉടച്ചുവാർക്കുന്ന ഈ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുകയാണ്. അതി വിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ഇടകൊടുക്കാതെയും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പോലും വെക്കാതെയുമാണ് പുതിയ നയം കൊണ്ടുവരുന്നത്. കോർപറേറ്റ‌് വൽക്കരണം സുഗമമാക്കുക വഴി വിദ്യാഭ്യാസ ത്തിന്റെ കച്ചവടവത്കരണം, വിദ്യാഭ്യാസമേഖലയെ മുഴുവൻ കേന്ദ്രീകൃത സംവിധാനത്തിന് കീഴിലാക്കുക വഴി ഫെഡറല്‍ ഘടനയെ അപ്രസക്തമാക്കുക, ശാസ്ത്രീയ മനോഭാവത്തിനു പകരം തീവ്ര ദേശീയത അടിച്ചേൽപ്പിക്കുക എന്നിങ്ങനെ ഗുരുതരമായ അപകടങ്ങളാണ് അതിൽ പതിയിരിക്കുന്നത് അഡ്വ: രശ്മിത അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ദുരന്ത നിവാരണ സമിതിയി അംഗം മുരളീ തുമ്മാരുകുടി മുഖ്യ പ്രഭാഷണം നടത്തി. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അഴിച്ചുപണി മാറിവരുന്ന കാലഘട്ടത്തിന്റെയ് ആവശ്യമാണ്. നിലവിലെ നയത്തിൽ കാതലായ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന രേഖയാണ് അത്. പാഠ്യ, പാഠ്യേതര വേർതിരിവില്ലാതെ കല, സംഗീതം, കരകൗശലം, സ്പോർട്സ്, യോഗ, സാമൂഹികസേവനം എന്നിവയെല്ലാം ഇതിൽ പാഠ്യവിഷയങ്ങളാണ് . ബിരുദ കോഴ്സുകളുടെ സമഗ്ര പുനഃസംഘടന, തൊഴിലധിഷ്ഠിത കോഴ്സുകൾ ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ദേശീയ റിസർച് ഫൗണ്ടേഷൻ, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി ദേശീയ ഉന്നത വിദ്യാഭ്യാസ നിയന്ത്രണ അതോറിറ്റി എന്നിവയെല്ലാം അതിന്റെയ് പ്രത്യകതയാണ്. പുതിയ വിദ്യാഭ്യാസ നയം മൂലം ഉണ്ടാവുന്ന ഘടനാപരമായ മാറ്റങ്ങളെ കുറിച്ച് വിശദമായി സംസാരിച്ച അദ്ദേഹം വൈകി യാണെങ്കിലും ഇപ്പോഴെങ്കിലും ഇങ്ങിനെ ഒരു പുതിയ മാറ്റം വന്നതിനെ സ്വാഗതം ചെയ്തു.
ഫോസ ജിദ്ദ അംഗവും കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പ്രൊഫസറുമായ ഡോ : ഇസ്മായില്‍ മരിതേരി സംസാരിച്ചു. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മേലേവീട്ടിൽ അദ്ധ്യക്ഷം വഹിച്ചു. സാമ്പത്തികമായി പ്രയാസ മനുഭവിക്കുന്ന പരിസര വാസികളുടെയും, കോളേജിലെ വിദ്യാർത്ഥികളുടെയും ക്ഷേമത്തിനായി സാമൂഹിക പ്രതിബദ്ധതയോടെ ഫാറൂഖ് കോളേജ് സെൻട്രൽ കമ്മിറ്റി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ ആയ എഡു സപ്പോര്‍ട്ട്, വണ്‍ ഫോര്‍ വണ്‍ (വിദ്യാർത്ഥികളെ ദത്തെടുക്കൽ), ഡയാലിസിസ് സെന്റര്‍ എന്നീ പദ്ധതികളെ കുറിച്ചും ജിദ്ദ ചാപ്റ്ററിന്റെയ് വിവിധ പ്രവർത്തനങ്ങളെ കുറിച്ചു അദ്ദേഹം വിശദീകരിച്ചു.
ബഷീർ അംബലവന്‍, സി. എച്. ബഷീർ, അമീര്‍ അലി, അഷ്‌റഫ് കോമു, സാലിഹ് കാവോട്ട്, റസാഖ് മാസ്റ്റർ, ഇഖ്ബാല്‍ സി കെ പള്ളിക്കല്‍, സലാം ചാലിയം, അഡ്വ. ശംസുദ്ധീൻ, കെ.എം. മുഹമ്മദ് ഹനീഫ, ഹാരിസ് തൂണിച്ചേരി, സുനീർ, മൊയ്‌തു പാളയാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാഹിദ് കൊയപ്പത്തൊടി സ്വാഗതവും ഖജാൻജി നാസര്‍ ഫറോക്ക് നന്ദിയും പറഞ്ഞു. ലിയാഖത്ത് കോട്ട അവതാരകനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."