കൂട്ടിയും കിഴിച്ചും മുന്നണികള്‍; ഇനി കാത്തിരിപ്പ്
കല്‍പ്പറ്റ: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ് നടത്തി തെരഞ്ഞെടുപ്പ് വയനാട്ടുകാര്‍ ആഘോഷമാക്കിയെങ്കിലും മുന്നണികളുടെ ചങ്കിടിപ്പ് മാറണമെങ്കില്‍ മെയ് 23 വരെ കാത്തിരിക്കണം. ഇനിയുള്ള ദിവസങ്ങളില്‍ കൂട്ടിക്കിഴിക്കലുകളുടേയും വിലയിരുത്തലുകളുടേയും ദിനങ്ങളാണ്. ബൂത്ത് ഏജന്റുമാര്‍ നല്‍കിയ കണക്കുകള്‍ പരിശോധിച്ച് യഥാര്‍ഥ വോട്ടെണ്ണലിന് മുമ്പുള്ള വോട്ടണ്ണലിലാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളും പാര്‍ട്ടി ഓഫിസുകളും. എന്നാല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ പോളിങ് 80.26 എന്ന റെക്കോര്‍ഡിലെത്തിയത് ആരെ തുണക്കയ്ക്കുമെന്നറിയാന്‍ ഒരു മാസം കാത്തിരിക്കണം. മണ്ഡലം ദേശീയ ശ്രദ്ധയിലെത്തിയതോടെ ദേശീയ നേതാക്കളെ പ്രചാരണത്തിനെത്തിച്ചും മുന്നണികള്‍ പ്രചാരണം ശക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തിയതോടെ ആത്മ വിശ്വാസം ഏറെയുള്ള മണ്ഡലത്തില്‍ ഭൂരിപക്ഷം റെക്കോര്‍ഡിലെത്തിക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് യു.ഡി.എഫ് നടത്തിയത്. ഇതിന്റെ ഭാഗമായി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ദിവസവും ഒരു ദേശീയ നേതാവോ, സംസ്ഥാന നേതാവോ ജില്ലയില്‍ പ്രചാരണ പരിപാടികളില്‍ സംബന്ധിച്ചിരുന്നു. ഓരോ മണ്ഡലത്തിനും എ.ഐ.സി.സി നിരീക്ഷകരേയും നിയോഗിച്ചിരുന്നു. സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിക്ക് പുറമേ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, മുകുള്‍ വാസ്‌നിക്, നവജ്യോതി സിങ് സിദ്ധു, കെ.വി തങ്കബാലു, ഗുലാംനബി ആസാദ്, എ.കെ ആന്റണി, കെ.സി വേണു ഗോപാല്‍, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കളാണ് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയത്. ഇടതുപക്ഷത്തിനായി സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ആനി രാജ, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.എസ് സുനില്‍ കുമാര്‍, എം.എം മണി, ടി.പി രാമകൃഷ്ണന്‍, കെ.കെ ഷൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തി. നരേന്ദ്ര മോദി, അമിത്ഷാ, സ്മൃതി ഇറാനി തുടങ്ങിയവര്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ മാത്രമാണ് എന്‍.ഡി.എക്കായി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."