വേനല്‍ മഴയില്‍ നനഞ്ഞ നെല്ല് മുളച്ചു; നെല്ലെടുക്കാനുള്ള തീരുമാനത്തില്‍നിന്ന് മില്ലുടമകള്‍ പിന്മാറി
അന്തിക്കാട്: വേനല്‍മഴയില്‍ നനഞ്ഞ നെല്ലെടുക്കാന്‍ തയാറായ മില്ലുടമകള്‍ നെല്ല് മുളച്ചതോടെ തീരുമാനത്തില്‍ നിന്നും പിന്മാറിയത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍,പാഡി ഓഫിസര്‍, പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവരുമായി സ്വകാര്യ മില്ലുടമകള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ നനഞ്ഞ നെല്ലെടുക്കാന്‍ ധാരണയായിരുന്നു.
എന്നാല്‍ നെല്ല് മുളച്ചതോടെ മില്ലുടമകള്‍ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.ഇതോടെ കൊയ്‌തെടുത്ത ക്വിന്റല്‍ കണക്കിന് നെല്ല് പാടത്ത് ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ നെല്ല് മുളയ്ക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കൃഷി മന്ത്രിയുടെ ജന്മനാടായ അന്തിക്കാടാണ് കൊയ്തു വച്ച നെല്ലുമായി കര്‍ഷകര്‍ ദുരിതം പേറുന്നത്.
പ്രശ്‌നത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകും വിധം യാതൊരു വിധ നടപടിയും മന്ത്രി നടത്തിയില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു.
കര്‍ഷകരില്‍നിന്ന് നെല്ലു വാങ്ങുന്ന സപ്ലൈകോയും കരാറെടുത്ത് നെല്ല് കൊണ്ടു പോകേണ്ട സ്വകാര്യ മില്ലുടമകളും അതിന് ഒത്താശ ചെയ്യുന്ന പാടശേഖര കമ്മിറ്റിയുടെ പ്രവൃത്തിയും മൂലമാണ് ദുരിതത്തിലായതെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊയ്‌തെടുത്ത നെല്ല് ചാക്കിലാക്കി വച്ചിട്ടും കയറ്റി കൊണ്ടു പോകാത്തതുമൂലം ഒരാഴ്ച മുന്‍പ് പെയ്ത മഴയില്‍ പാടവരമ്പത്ത് നശിച്ചത് 800 ടണ്‍ നെല്ലാണ്.
ഇതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. പാടത്തുനിന്ന് നെല്ല് കയറ്റി കൊണ്ടു പോയി അരിയാക്കി സപ്ലൈകോക്ക് നല്‍കാന്‍ കരാറെടുത്ത സ്വകാര്യ മില്ലുടമകളുടെ അലംഭാവമാണ് കര്‍ഷകര്‍ക്ക് ദുരിതമായത്. ആവശ്യത്തിനു വാഹനമയക്കാതെ നെല്‍ച്ചാക്കുകള്‍ ആഴ്ചകളോളം പാടത്ത് കെട്ടിക്കിടക്കുകയാണ്.
നെല്ല് കയറ്റി കൊണ്ട് പോകുന്നതു വരെ കര്‍ഷകര്‍ക്കാണ് ഇതിന്റെ സംരക്ഷണ ചുമതല. ഇതു സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഏതാനും ദിവസങ്ങള്‍ കൂടുതല്‍ വാഹനങ്ങള്‍ പാടത്തെത്തി നെല്ല് കയറ്റി. ക്വിന്റല്‍ക്കണക്കിനു നെല്ലാണ് ഇതു പോലെ കഴിഞ്ഞ വര്‍ഷവും കൃഷിക്കാര്‍ക്ക് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വീണ്ടും നെല്‍ചാക്കുകള്‍ നനഞ്ഞു കുതിര്‍ന്നു. ഇതാടെ മഴ കൊണ്ട് നെല്ല് വ്യാപകമായി മുള പൊട്ടിയ നിലയിലാണ്. ഉമ നെല്ലിനോട് കരാറെടുത്ത കമ്പനിക്ക് താല്‍പര്യമില്ലാത്തതാണ് അന്തിക്കാട്ടെ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കമ്പനിക്ക് ജ്യോതി നെല്ലിനോടാണ് താല്‍പര്യമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."