ന്യായവിലയ്ക്ക് ഉല്‍പന്നങ്ങളുമായി കുടുംബശ്രീ ഓണച്ചന്തകള്‍
തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച പ്രത്യേക മാനദണ്ഡങ്ങള്‍ പാലിച്ച് ഓണം വിപണിയില്‍ ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ. ഇതിന്റെ ഭാഗമായി 26 മുതല്‍ 31 വരെ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആയിരത്തോളം ഓണചന്തകള്‍ സംഘടിപ്പിക്കും.
ഇത്തവണ ഓണം വിപണിയില്‍ നിന്നും പത്തു കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സി.ഡി.എസ് തല വിപണന മേളകള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. ഇതു പ്രകാരം കേരളത്തിലെ 941 ഗ്രാമ സി.ഡി.എസുകളിലും നഗരമേഖലയിലെ 124 സി.ഡി.എസുകളിലുമാണ് ഓണം വിപണന മേളകള്‍ സംഘടിപ്പിക്കുന്നത്.
ഇതു കൂടാതെ നിലവിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി ആവശ്യമെങ്കില്‍ ജില്ലാതല ഓണച്ചന്തകള്‍ സംഘടിപ്പിക്കാനും ജില്ലാ മിഷന്‍ അധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സപ്ലൈക്കോയുമായി സഹകരിച്ചു പല ജില്ലകളിലും ഇതിനകം ഓണം വിപണന മേളകള്‍ തുടങ്ങി കഴിഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ കുടുംബശ്രീ ഓണച്ചന്തകളില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് വില്‍പന. കൂടാതെ എല്ലാ വിപണന കേന്ദ്രങ്ങളിലും കൈ കഴുകുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണച്ചന്തകള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."