കെ. സുരേന്ദ്രനടക്കം 9 പേര്‍ക്കെതിരേ കേസ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തു. സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചു കടന്നതിനും കൊവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനുമാണ് കേസ്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഉള്‍പ്പെടെ മറ്റ് എട്ട് പേര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കെ. സുരേന്ദ്രനെതിരേ കേസ് എടുക്കാനും തീപിടുത്തവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനും നിര്‍ദേശം നല്‍കിയത്. തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിന് അകത്ത് കടന്നത് കനത്ത സുരക്ഷാവീഴ്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ഓഫിസില്‍ നിന്നെത്തും മുന്‍പ് സുരേന്ദ്രന്‍ എത്തിയത് സംശയാസ്പദമാണെന്നും വിശദമായ അന്വേഷണം വേണമെന്നും മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് മന്ത്രിസഭാ യോഗം പൊലിസിന് നിര്‍ദേശം നല്‍കിയത്.
അതേ സമയം, എന്തിന്റെ പേരിലാണ് കേസെടുത്തതെന്ന് അറിയില്ലെന്നും പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."