കൂട്ടിക്കിഴിച്ച് മുന്നണികള്‍
കോഴിക്കോട്: ജില്ലയിലെ മികച്ച പോളിങ് കൂട്ടിക്കിഴിച്ച് മുന്നണികളും സ്ഥാനാര്‍ഥികളും. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോളിങ് വര്‍ധിച്ചത് യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ആശ്വാസത്തിലാക്കുന്നുണ്ട്. അതേസമയം വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇരുമുന്നണികളും വാക്കേറ്റത്തിലാണ്. പലയിടങ്ങളിലും ബി.ജെ.പിയുടെ വോട്ട് ചോര്‍ന്നെന്നാണ് സി.പി.എമ്മിന്റെ ആരോപണം. എന്നാല്‍ ഇതില്‍ അടിസ്ഥാനമില്ലെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്.
ബി.ജെ.പി വോട്ട് ചോര്‍ന്നെന്ന് വിശ്വസിക്കാനാകില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പി വോട്ടിനെ കുറിച്ചുള്ള സി.പി.എം പ്രചാരണം പരാജയഭീതി കാരണമാണ്. യു.ഡി.എഫിന് സ്വാധീനമുള്ള മേഖലകളില്‍ പോളിങ് വര്‍ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒളികാമറ വിവാദം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എം.കെ രാഘവന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം അടുത്ത ദിവസം മുതല്‍ നിയമസഭാ മണ്ഡലത്തില്‍ സജീവമാകുമെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ഫലപ്രഖ്യാപനത്തിന് ഒരുമാസം കാത്തിരിക്കേണ്ടതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഒരു മാസമായി നിശ്ചലമായ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് പ്രദീപ് കുമാറിന്റെ തീരുമാനം. നിയമസഭാ അംഗം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായതോടെ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു മാസമായി മുടങ്ങികിടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."