അട്ടിമറിശ്രമം; മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം സ്വര്‍ണക്കടത്ത് കേസ് അട്ടിമറക്കാനാണെന്നും മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
യു.ഡി.എഫ് കരിദിനാചരണം സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം.
സെന്‍ട്രലൈസ്ഡ് എ.സിയുള്ള മുറിയില്‍ എന്തിനാണ് ഫാന്‍? പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും സ്വര്‍ണക്കടത്തു കേസില്‍ നിന്ന് രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രങ്ങളുടെ ഭാഗമാണ് തീപിടിത്തം. നിര്‍ണായകവും രഹസ്യസ്വഭാവമുള്ളതുമായ ഫയലുകള്‍ നശിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ പിന്നീട് പറയാം. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇപ്പോള്‍ അവിശ്വാസ് മേത്ത എന്നാണ് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്.
മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലായി. ഭരണം നടത്തുന്നത് അധോലോക സംഘമാണ്. കേരളം കണ്ടിട്ടില്ലാത്ത തട്ടിപ്പിനും വെട്ടിപ്പിനും മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നു.
ഇതാണോ ഇടതുപക്ഷത്തിന്റെ നയമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
എം.എല്‍.എമാരായ ടി.വി ഇബ്‌റാഹീം, വി.ടി ബല്‍റാം, വി.എസ് ശിവകുമാര്‍, കെ.എസ് ശബരിനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."