കലാപത്തിന് കോണ്‍ഗ്രസ്-ബി.ജെ.പി ആസൂത്രിത നീക്കം: മന്ത്രി ജയരാജന്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് നടത്തുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍.
ചെറിയ വിഷയത്തെ പെരുപ്പിച്ചുകാണിച്ച് മുതലെടുപ്പ് നടത്താനുള്ള ദുരൂഹനീക്കമാണുണ്ടായത്. സെക്രട്ടേറിയറ്റില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട് അഞ്ചു മിനിട്ടിനകം ഫയര്‍ഫോഴ്‌സെത്തി തീകെടുത്തി. ഒരു ഫയല്‍ പോലും പൂര്‍ണമായി കത്തിയിട്ടില്ല.
ഇതിന്റെ പേരില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സംഘര്‍ഷത്തിനു കളമൊരുക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആയുധങ്ങളുമായി സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടന്ന് ആക്രമണം നടത്തി. നിമിഷങ്ങള്‍ക്കകം കോണ്‍ഗ്രസുകാരുമെത്തി. ഇരുവരുടെയും ആക്രമണം പരസ്പരം ആലോചിച്ചു നടത്തിയതാണെന്ന് ആര്‍ക്കും തോന്നാം.
സെക്രട്ടേറിയറ്റില്‍ തീപിടിത്തം ആദ്യ സംഭവമല്ല. യു.ഡി.എഫ് കാലത്തും എത്രയോ തീപിടിത്തമുണ്ടായി.
പാര്‍ലമെന്റിലും പ്രധാനമന്ത്രിയുടെ ഓഫിസിലും രാഷ്ട്രപതിഭവനിലും വരെ തീപിടിച്ച സംഭവങ്ങളുണ്ട്. സെക്രട്ടേറിയറ്റിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
ആക്രമണങ്ങളില്‍നിന്ന് പിന്തിരിഞ്ഞ് പ്രതിപക്ഷനേതാവ് പ്രതിപക്ഷനേതാവിന്റെ ചുമതല നിര്‍വഹിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."