പോളിങ് കരുത്തില്‍ ആര്‍ക്ക് അടിതെറ്റും?
കെ.ജംഷാദ്
കോഴിക്കോട്: ജില്ലയിലെ കനത്ത പോളിങ്ങ് ആര്‍ക്ക് അനുകൂലമാകുമെന്ന് വിലയിരുത്താനാകാതെ മുന്നണികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി വിവിധ നിയോജക മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനത്തിലെ വന്‍ വര്‍ധനവ് രാഷ്ട്രീയപാര്‍ട്ടികളെ ആശങ്കയിലാക്കുന്നുണ്ട്.
സ്ഥാനാര്‍ഥികള്‍ വിജയപ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ടെങ്കിലും ബൂത്തുതല വോട്ടിങ് കണക്കുകള്‍ കൂട്ടിക്കുറച്ച് റിപോര്‍ട്ട് തയാറാക്കുന്നതിന്റെ തിരക്കിലാണ് വിവിധ തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഭാരവാഹികള്‍. കണക്കുകള്‍ മേല്‍ഘടകങ്ങള്‍ക്ക് ഉടന്‍ സമര്‍പിക്കണമെന്ന് നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. ബൂത്ത് ഏജന്റുമാരുടെ കണക്കില്‍ ന്യൂജെന്‍ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഇത്തവണ കന്നിവോട്ടര്‍മാരുമുണ്ട്. ഭിന്നശേഷി സൗഹൃദ തെരഞ്ഞെടുപ്പായതിനാല്‍ പലപ്പോഴും വോട്ടുചെയ്യാനെത്താത്ത ഭിന്നശേഷിക്കാരും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചു. ചോലനായ്ക്കര്‍ ഉള്‍പ്പെടെയുള്ള ആദിവാസി വിഭാഗങ്ങളും തെരഞ്ഞെടുപ്പില്‍ സജീവമായി.
ജനങ്ങള്‍ മത്സരബുദ്ധിയോടെ തെരഞ്ഞെടുപ്പില്‍ സജീവമായ കാഴ്ചയായിരുന്നു മിക്ക ബൂത്തുകളിലും കണ്ടതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബൂത്ത് ഏജന്റുമാരും പറയുന്നു. പോളിങ് ബൂത്തുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കാന്‍പോലും സമയം ലഭിക്കാത്തത്ര തിരക്കുണ്ടായി. രാത്രി വൈകിയും പോളിങ് തുടര്‍ന്നത് വോട്ടര്‍മാരെയും ഉദ്യോഗസ്ഥരെയും പ്രയാസത്തിലാക്കി. അര്‍ധരാത്രിയോടെയാണ് പോളിങ് സാമഗ്രികള്‍ സ്‌ട്രോങ് റൂമുകളായി പ്രവര്‍ത്തിക്കുന്ന ജെ.ഡി.റ്റി ഇസ്‌ലാം സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, വെസ്റ്റ്ഹില്‍ പോളിടെക്‌നിക് എന്നിവിടങ്ങളില്‍ എത്തിച്ചത്. പുലര്‍ച്ചെയോടെയാണ് ഉദ്യോഗസ്ഥരില്‍ പലരും ഡ്യൂട്ടി പൂര്‍ത്തിയാക്കി മടങ്ങിയത്. കഴിഞ്ഞ വര്‍ഷം 79.81 ശതമാനം പോളിങ് രേഖപ്പെടുത്തിയ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒടുവിലത്തെ വിവരം ലഭിക്കുമ്പോള്‍ 81.38 ശതമാനമാണ് പോളിങ്. 82.41 ശതമാനം വോട്ട് പോള്‍ ചെയ്ത കുന്ദമംഗലമാണ് മുന്നില്‍. കൊടുവള്ളിയില്‍ 81.37 ശതമാനവും പോളിങ് രേഖപ്പെടുത്തി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ 82. 41 ശതമാനം പോളിങ് രേഖപ്പെടുത്തി. പേരാമ്പ്രയില്‍ 84.52 ശതമാനവും കുറ്റ്യാടി 83.88 ശതമാനവും രേഖപ്പെടുത്തി. കോഴിക്കോട് മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ പോളിങ്. ബാലുശ്ശേരി: 82.47, എലത്തൂര്‍: 83.26, കോഴിക്കോട് നോര്‍ത്ത്: 78.02, കോഴിക്കോട് സൗത്ത്: 78.46, ബേപ്പൂര്‍: 80.24, കുന്ദമംഗലം: 84.30, കൊടുവള്ളി: 81.37. വടകരയില്‍ തലശ്ശേരി: 80.33, കൂത്തുപറമ്പ്:81.44, വടകര: 82.98, കുറ്റ്യാടി: 83.88, നാദാപുരം: 82.55, കൊയിലാണ്ടി: 80.95, പേരാമ്പ്ര 84.58. വയനാട് മണ്ഡലത്തിലെ തിരുവമ്പാടിയില്‍ 81.26 ശതമാനം വോട്ടും രേഖപ്പെടുത്തി. മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കൂടിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് ക്യാംപിന്റെ വിശ്വാസം. എന്നാല്‍ തങ്ങള്‍ക്ക് അധിപത്യമുള്ള നിയോജക മണ്ഡലങ്ങളിലെ പോളിങ് കൂടിയത് അനുകൂലമാകുമെന്ന ആത്മവിശ്വാസം ഇടതുപക്ഷവും കൈവിടുന്നില്ല.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന തിരുവമ്പാടിയിലെ കനത്ത പോളിങില്‍ യു.ഡി.എഫ് ക്യാംപ് ശുഭാഭ്തി വിശ്വാസത്തിലാണ്. രാഹുലിന്റെ വിജയം റെക്കോര്‍ഡ് ഭൂരിപക്ഷത്തിലെത്തുമെന്ന ആവേശമാണ് യു.ഡി.എഫ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."