പരിസ്ഥിതി സന്ദേശവുമായി വാരനാട് ദേവിക്ഷേത്രത്തില്‍ നക്ഷത്രക്കാവ്
ചേര്‍ത്തല: ക്ഷേത്രവിശ്വാസത്തിനൊപ്പം പരിസ്ഥിതിയുടെ പ്രചാരകരാകുന്ന സന്ദേശവുമായി വാരനാട് ദേവിക്ഷേത്രത്തില്‍ നക്ഷത്രക്കാവ് തയ്യാറായി. മരങ്ങള്‍ വെട്ടിവീഴ്ത്തുകയും പക്ഷിമൃഗാദികളെ വേട്ടയാടുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് പുനര്‍വിചിന്തനത്തിനുള്ള ഇടംകൂടിയാണ് നന്മയുടെ സൗരഭ്യം പരത്തുന്ന ഈ കാവ്. 27 വൃക്ഷങ്ങളാണ് ഇവിടെ നട്ടുവളര്‍ത്തിയിട്ടുള്ളത്. ക്ഷേത്രാങ്കണത്തിലെ 15 സെന്റോളം ഭൂമിയില്‍ കാവൊരുക്കാന്‍ നട്ടുവളര്‍ത്തിയ വൃക്ഷങ്ങള്‍ ഇതിനകം വളര്‍ച്ചയെത്തി. കാഞ്ഞിരവും നെല്ലിയും മുതല്‍ കരിമ്പയും ഇരിപ്പയും വരെയുണ്ട് ഈ നക്ഷത്രക്കാവില്‍. ഒപ്പം നക്ഷത്രങ്ങളോട് ചേര്‍ന്ന പക്ഷിമൃഗങ്ങളുടെ രൂപങ്ങളും സജ്ജമാതയി. പുള്ളും മയിലും ഉള്‍പ്പെടെയുള്ള പക്ഷികളുടെയും കുതിര, ഒട്ടകം തുടങ്ങിയ മൃഗങ്ങളുടെയും ശില്‍പങ്ങളാണ് കാവിലൊരുങ്ങിയത്. ചേര്‍ത്തല വള്ളാട്ട് സ്വദേശിയും പ്രമുഖ ശില്‍പിയുമായ സതീഷിന്റേതാണ് കരവിരുത്. ക്ഷേത്രദര്‍ശനത്തിനെത്തുന്ന വിശ്വാസികള്‍ക്ക് അവരുടെ നാളുകള്‍ക്ക് നിര്‍ണയിക്കപ്പെട്ട മരവും പക്ഷിയും മൃഗവും ഏതെന്ന് അറിയാന്‍ ഓരോന്നിനും ഒപ്പം കുറിപ്പുമുണ്ട്. ജ്യേതിഷ ശാസ്ത്രം അനുസരിച്ച് നക്ഷത്രങ്ങള്‍ക്ക് ഓരോന്നിനും വൃക്ഷങ്ങളും പക്ഷിമൃഗാദികളും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. കാലങ്ങള്‍ക്ക് മുമ്പ് വൃക്ഷലതാദികളും പക്ഷിമൃഗങ്ങളും നിറഞ്ഞ കാവുകള്‍ സംരക്ഷിക്കപ്പെട്ടത് വിശ്വാസവും പരിസ്ഥിതിബോധവും ഇഴചേര്‍ന്നാണ്. വൃക്ഷങ്ങള്‍ ജീവജാലങ്ങളുടെ നിലനില്‍പിന് അനിവാര്യമാണെന്ന തിരിച്ചറിവ് കാവ് സംരക്ഷണത്തിന് പിന്നിലുണ്ട്. കാലാന്തരത്തില്‍ വൃക്ഷപരിപാലനം അന്യമായതോടെ പരിസ്ഥിതി തകിടംമറിഞ്ഞു. ഇങ്ങനെ നഷ്ടമായ നന്മയെ വീണ്ടെടുക്കുകകൂടി ലക്ഷ്യമാക്കിയാണ് വാരനാട് ക്ഷേത്രം നക്ഷത്രക്കാവ് സജ്ജമാക്കിയതെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."