ഉയര്‍ന്ന ജനാധിപത്യബോധം വോട്ടിങ് ശതമാനം ഉയര്‍ത്തി: കലക്ടര്‍
കല്‍പ്പറ്റ: ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങിന് കാരണമായത് ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധമാണെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍.
ജനാധിപത്യത്തിന്റെ ഉത്സവമാക്കി തീര്‍ത്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും പ്രത്യേകിച്ച് പുതുവോട്ടര്‍മാര്‍ക്കും നന്ദി പറയുന്നുവെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ വനാതിര്‍ത്തികളിലെ ബൂത്തുകളില്‍ പോലും നിര്‍ഭയം വോട്ട് ചെയ്യാനുള്ള സൗകര്യം ഭരണകൂടം ഉറപ്പാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡപ്രകാരമുളള പ്രശ്‌നബാധിത ബൂത്തുകളൊന്നും ജില്ലയിലില്ലെങ്കിലും പൊലിസ് റിപ്പോര്‍ട്ട് ചെയ്ത 72 ബൂത്തുകളില്‍ അധിക സുരക്ഷയൊരുക്കി. പ്രതികൂലമായ കാലാവസ്ഥയിലും വൈകുന്നേരങ്ങളില്‍ മിക്ക പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്.
ജനാധിപത്യത്തിനെ ശക്തിപ്പെടുത്തുന്നതിന് വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ മികച്ച രീതിയിലാണ് ബോധവല്‍ക്കരണം നടത്തിയത്. ആദിവാസി മേഖലകളിലടക്കം വോട്ടിങ് യന്ത്രങ്ങള്‍ പരിചയപ്പെടുത്താനും ബോധവല്‍ക്കരണം നടത്താനും പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. തോട്ടം മേഖലയിലും കാര്‍ഷികമേഖലയില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണുണ്ടായത്.
വോട്ട് വണ്ടിയും ജില്ലയില്‍ ഉടനീളം പര്യടനം നടത്തി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ കണ്ടെത്തി സ്വീപ് അംബാസിഡര്‍മാരായി നിയോഗിക്കുകയുണ്ടായി. ഇവരിലൂടെയുള്ള ബോധവല്‍ക്കരണവും ഫലപ്രദമായി. വോട്ടിങ് പ്രക്രിയകളെ തളര്‍ത്താനുളള ചിലസംഘടനകളുടെ ആഹ്വാനങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."