ഫീസ് അടയ്ക്കാന്‍ സാവകാശം നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്ട്‌സ്‌പോട്ട്, ക്ലസ്റ്റര്‍ തുടങ്ങിയ മേഖലകളിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ ഫീസ് അടയ്ക്കുന്നതിന് മതിയായ സമയം അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍.
സ്‌കൂള്‍ ഫീസ് കുടിശ്ശിക വരുത്തുന്ന വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നോ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നോ പുറത്താക്കുന്നതിനു മുന്‍പ് രക്ഷിതാവിനെ നിയമാനുസൃതം വിവരം അറിയിക്കണം. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍, സി.ബി.എസ്.ഇ റീജിയനല്‍ ഓഫിസര്‍ എന്നിവര്‍ ഉടന്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍, അംഗം കെ.നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ തന്റെ മകളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയെന്ന കടലുണ്ടി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മാസത്തെ ഫീസ് ഉടനെ ഒടുക്കാന്‍ അനുവദിക്കണമെന്ന് കമ്മിഷന്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് നിര്‍ദേശിച്ചു. ശേഷിക്കുന്ന ഫീസ് പത്തു ദിവസത്തിനകം ഒടുക്കിയാല്‍ മതിയാകും. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ സ്‌കൂളില്‍ തിരികെ പ്രവേശിപ്പിക്കുകയും ഓണ്‍ലൈന്‍ ക്ലാസില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."