വയനാട്ടില്‍ പോളിങ് 80 ശതമാനം കടന്നത് അഞ്ച് നിയോജക മണ്ഡലങ്ങളില്‍; രാഹുല്‍ തരംഗമോ, എല്‍.ഡി.എഫ് മികവോ?
നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഗ്ലാമര്‍ മണ്ഡലങ്ങളില്‍ ഒന്നായി മാറിയ വയനാട്ടില്‍ പോളിങ് 80 കടന്നത് അഞ്ച് നിയോജക മണ്ഡലങ്ങളില്‍.
ഏറനാട്, തിരുവമ്പാടി, കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലാണ് 80ന് മുകളില്‍ പോളിംങ് നടന്ന നിയോജക മണ്ഡലങ്ങള്‍. മുഴുവന്‍ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് പോളിങില്‍ മുന്നിലുള്ളത്.
80.26 ശതമാനമാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയ പോളിങ്. ഇത് രാഹുല്‍ ഇഫക്‌ടെന്ന് യു.ഡി.എഫും തങ്ങള്‍ മണ്ഡലത്തില്‍ കാടിളക്കി നടത്തിയ പ്രചാരണത്തിന്റെ പ്രതിഫലനമെന്ന് എല്‍.ഡി.എഫും അവകാശപ്പെടുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴ് ശതമാനത്തിനടുത്ത് പോളിങ് കൂടിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്. പോളിങ് വര്‍ധന രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം തങ്ങള്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തെത്തുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് കേന്ദ്രങ്ങളുള്ളത്. മൃഗീയ ഭൂരിപക്ഷത്തിലേക്ക് കാര്യങ്ങള്‍ കടക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍ മണ്ഡലത്തില്‍ വന്‍ അത്ഭുതത്തിനാണ് കളമൊരുങ്ങുന്നതെന്നാണ് തെരഞ്ഞെടുപ്പിന് ശേഷവും എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. തങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസവും. എന്‍.ഡി.എയും തങ്ങളുടെ വോട്ടില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. വയനാട് മണ്ഡലത്തില്‍ നിയോജക മണ്ഡലങ്ങള്‍ തിരിച്ചുള്ള പോളിങ് വിശകലനം ചെയ്യുകയാണ് സുപ്രഭാതം ഇന്ന്.
തിരുവമ്പാടി 81.09%
വയനാട് മണഡലത്തില്‍ ഉള്‍പ്പെട്ട കോഴിക്കോട് ജില്ലയിലെ മലയോര നിയോജക മണ്ഡലമായ തിരുവമ്പാടിയും മികച്ച പോളിങാണ് ഇത്തവണ കാഴ്ചവെച്ചത്.
2014ലെ 75.33 എന്ന നിലയില്‍ നിന്ന് 81.09 എന്ന മികച്ച മാര്‍ക്കിലേക്കാണ് ഇത്തവണ തിരുവമ്പാടിയും എത്തിയത്. 1, 70, 289 വോട്ടര്‍മാരാണ് ഈ മലയോര മണ്ഡലത്തിലുള്ളത്. ഇതില്‍ 1,38,091 പേരും സമ്മതിദാന അവകാശം വിനിയോഗിച്ചു. 85,630 സ്ത്രീ വോട്ടര്‍മാരില്‍ 71,245 പേരും 84,658 പുരുഷന്‍മാരില്‍ 66,846 പേരും വോട്ട് രേഖപ്പെടുത്തി. 83.20 ശതമാനമാണ് ഇവിടെ സ്ത്രീവോട്ടര്‍മാരില്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത്. പുരുഷന്‍മാര്‍ 78.96ഉം.
കല്‍പ്പറ്റ 80.88%
ഗ്ലാമര്‍ മണ്ഡലത്തിലെ ആസ്ഥാന നഗരം തന്നെ പോളിങില്‍ ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ്.
75നടുത്ത് പോളിങ് ഉണ്ടാവുമെന്നായിരുന്നു ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ അവരുടെ പ്രതീക്ഷകളെ കടത്തിവെട്ടി 80.88 എന്ന നിലയിലാണ് പോളിങ് അവസാനിച്ചത്.
1,94,942 വോട്ടര്‍മാരില്‍ 1,57,678 വോട്ടര്‍മാരും ഇവിടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. 99,158 സ്ത്രീ വോട്ടര്‍മാരില്‍ 80993 പേരും 95,784 പുരുഷ വോട്ടര്‍മാരില്‍ 76685 പേരും വോട്ട് രേഖപ്പെടുത്തി.
സ്ത്രീകളുടെ പോളിങ് ശതമാനം 81.68 ആണ്. പുരുഷന്‍മാരുടേത് 80.06ഉം. കല്‍പ്പറ്റയില്‍ 2014ല്‍ 72.53 ശതമാനായിരുന്നു പോളിങ്.
ഏറനാട് 81.53%
മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തില്‍ 81.53 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയ പോളിങ്.
2014ല്‍ ഇത് 78.08 ശതമാനമായിരുന്നു. മൂന്ന് ശതമാനത്തില്‍ അധികം പോളിങ് വര്‍ധനയാണ് ഇത്തവണ മണ്ഡലത്തില്‍ ഉണ്ടായിരിക്കുന്നത്. 1,71,026 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,39,447 പേരും സമ്മതിദാന അവകാശം വിനിയോഗിച്ചു. ഇവിടെ 84,334 സ്ത്രീ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 71, 044 പേരും വോട്ടവകാശം വിനിയോഗിച്ചു.
84.24 ശതമാനമാണ് ഇവിടെ സ്ത്രീവോട്ടര്‍മാരുടെ സമ്മതിദാന അവകാശം. 86, 692 പുരുഷ വോട്ടര്‍മാരില്‍ 68,403 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 78.90 ശതമാനമാണ് ഇവിടെ പുരുഷ വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത്.
സുല്‍ത്താന്‍ ബത്തേരി 81.91%
മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തി താരമായത് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലമാണ്.
ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ നിയമസഭാ സാമാജികനായ മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോളിങ് കുറവ് പരിഹരിക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പ്രകടനം. 81.91 ശതമാനം വോട്ടും രേഖപ്പെടുത്തപ്പെട്ട മണ്ഡലം ആരെ അനുകൂലിക്കുമെന്നാണ് ഇനി അറിയേണ്ടത്. ഇവിടെ 2, 12, 838 വോട്ടര്‍മാരാണുള്ളത്.
ഇതില്‍ 1, 74, 342 പേരും വോട്ട് രേഖപ്പെടുത്തി. 1,07, 866 സ്ത്രീ വോട്ടര്‍മാരില്‍ 88,798 പേരും 1, 04, 972 പുരുഷ വോട്ടര്‍മാരില്‍ 85, 544 പേരും വോട്ട് രേഖപ്പെടുത്തി. സ്ത്രീ വോട്ടര്‍മാര്‍ 82.32 ശതമാനവും പുരുഷ വോട്ടര്‍മാര്‍ 81.49 ശതമാനവുമാണ് ഇവിടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്.
നിലമ്പൂര്‍ 77.53%
വയനാട് മണ്ഡലത്തില്‍ താരതമ്യേന ഏറ്റവും കുറവ് പോളിങ് നടന്ന മണ്ഡലമാണ് നിലമ്പൂര്‍ നിയോജക മണ്ഡലം.
ഇവിടെ 77.53 ശതമാനമാണ് പോളിങ് നടന്നത്. എന്നാല്‍ 2014നെ അപേക്ഷിച്ച് ഇവിടെയും മികവ് കാട്ടിയിട്ടുണ്ട്.
2014ല്‍ 72.83 ശതമാനമായിരുന്ന പോളിങാണ് ഇത്തവണ 77.53ല്‍ എത്തിയത്. ഇവിടെ 2,07,801 വോട്ടര്‍മരാണുള്ളത്. ഇതില്‍ 1,61,111 പേര്‍ സമ്മതിദാനം വിനിയോഗിച്ചു.
1,05,841 സ്ത്രീ വോട്ടര്‍മാരില്‍ 84,280 പേരും 1,01,960 പുരുഷ വോട്ടര്‍മാരില്‍ 76,831 പേരും വോട്ടവകാശം വിനിയോഗിച്ചു.
സ്ത്രീ വോട്ടര്‍മാരില്‍ 79.62 ശതമാനവും പുരുഷ വോട്ടര്‍മാരില്‍ 75.35 ശതമാനം പേരുമാണ് ഇവിടെ സമ്മതിദാന അവകാശം വിനിയോഗിച്ച് ജനാധിപത്യത്തിന് കരുത്ത് പകര്‍ന്നത്.
മാനന്തവാടി 81.54%
2014ല്‍ 72.13 ശതമാമനായിരുന്ന പോളിങ് ഇത്തവണ 81.54ലാണ് നിന്നത്. 1,86,397 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
ഇതില്‍ 1,51,998 വോട്ടര്‍മാര്‍ സമ്മതിദാനം വിനിയോഗിച്ചു. 93,487 സ്ത്രീ വോട്ടര്‍മാരില്‍ 76,706 പേരും 92,910 പുരുഷ വോട്ടര്‍മാരില്‍ 75,292 പേരും സമ്മതിദാനം രേഖപ്പെടുത്തി. 82.04 ആണ് ഇവിടെ സ്ത്രീ വോട്ടര്‍മാരുടെ സമ്മിതദാനം വിനിയോഗിക്കപ്പെട്ടത്. 81.03 ശതമാനം പുരുഷന്‍മാരും സമ്മതിദാനം വിനിയോഗിച്ചു.
വണ്ടൂര്‍ 77.91%
വണ്ടൂര്‍ നിയോജക മണ്ഡലം പോളിങ് ശതമാനത്തില്‍ വയനാട്ടില്‍ പിന്നില്‍ നിന്ന് രണ്ടാമതാണ്. ഇവിടെ 77.91 ശതമാനമാണ് പോളിങ് നടന്നത്.
എന്നാല്‍ 2014നെ അപേക്ഷിച്ച് പോളിങില്‍ ഇവിടെയും മുന്നേറ്റമുണ്ടായിട്ടുണ്ട്. 2014ല്‍ 72.30 ആയിരുന്ന പോളിങാണ് അഞ്ചു വര്‍ഷംകൊണ്ട് 77.91ല്‍ എത്തിയത്. 2,14,526 വോട്ടര്‍മാരാണ് ഇവിടെ ആകെയുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ വയനാട് മണ്ഡലത്തില്‍ ഒന്നാമതുള്ള നിയോജക മണ്ഡലം കൂടിയാണ് വണ്ടൂര്‍. ഇവിടെ 1,67,152 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. 1,08,491 സ്ത്രീ വോട്ടര്‍മാരില്‍ 87,911 പേരും 1,06,035 പുരുഷ വോട്ടര്‍മാരില്‍ 79,241 പേരുമാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. സ്ത്രീ വോട്ടര്‍മാരില്‍ 81.03 ശതമാനവും പുരുഷ വോട്ടര്‍മാരില്‍ 74.73 ശതമാനം പേരുമാണ് വണ്ടൂരില്‍ വോട്ടവകാശം വിനിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."