അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന് അരോഗ്യമന്ത്രി
പൂച്ചാക്കല്‍: അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന് അരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍.കഴിഞ്ഞ ദിവസം എ.എം.ആരിഫ് എം.എല്‍.എ യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ നിവേദനം സമര്‍പ്പിച്ചപ്പോഴാണ് മന്ത്രി ഉറപ്പ് നല്‍കിയത്. അരൂക്കുറ്റി സാമൂഹ്യരോഗ കേന്ദ്രത്തില്‍ 24 മണിക്കുറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, ഡോക്ടര്‍മാരുടെ കുറവ് നികത്തുക , സായാഹ്ന ഓ.പി ആരംഭിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങി ആവശ്യങ്ങളായിരുന്നു നിവേദനത്തില്‍.
നിലവില്‍ സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ 200 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും ഈ ഒഴിവുകള്‍ നികത്തപ്പെടുമ്പോള്‍ പ്രധാന പരിഗണന അരൂക്കുറ്റി ആശുപത്രിക്ക് നല്‍കാം എന്ന് മന്ത്രി വാഗ്ദാനം ചെയ്തു.താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയാല്‍ മാത്രമെ മറ്റുസേവനങ്ങള്‍ ആശുപ്രതിക്ക് ലഭിക്കുകയുള്ളു.
അതിനാല്‍ ആദ്യം അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തും.നിലവില്‍ അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് ശേഷം ചികില്‍സയില്ലാത്തത് രോഗികളെ വലയ്ക്കുന്നുണ്ട്. മുമ്പ് സായാഹ്ന ഒ. പി.ഉണ്ടായിരുന്നപ്പോള്‍ വൈകിട്ട് ഏഴുവരെ ഒരു ഡോക്ടറുടെ സേവനമുണ്ടായിരുന്നു.ഇത് നൂറോളം രോഗികള്‍ക്ക് സഹായകമായിരുന്നു.
ഡോക്ടറുടെ കുറവ് മൂലമാണ് സായാഹ്ന ഒ. പി.നിറുത്തി വെക്കാന്‍ കാരണമായത്. സ്ഥലം മാറ്റംലഭിച്ചു പോയ ഡോക്ടര്‍മാര്‍ക്ക് പകരംപുതിയ ഡോക്ടര്‍മാരെ നിയമിക്കാത്തതാണ് കാരണം. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നുവരെ മാത്രമായി ഒ.പി ചികില്‍സ ഒതുക്കുകയായിരുന്നു. കിടത്തി ചികില്‍സയുള്ള രോഗികള്‍ക്ക് ഉച്ചയ്ക്കുശേഷമോ, രാത്രിയിലോ എന്തെങ്കിലും ആവശ്യമുണ്ടായാല്‍ 'ഡോക്ടര്‍ ഓണ്‍ കോള്‍' സൗകര്യമുണ്ട്.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നിന്ത്രണത്തിലാണ് സാമൂഹിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഉച്ചയ്ക്കുശേഷം പുതിയതായി ആര്‍ക്കെങ്കിലും രോഗമോ, അപകടമോ ഉണ്ടായാല്‍ കിലോമീറ്ററുകള്‍ താണ്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
അപ്പോഴുണ്ടാകുന്ന വലിയ പണച്ചെലവ് അധിക വിഷമവുമാകും. അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നെങ്കില്‍ ചിലര്‍ അവിടെയും സമീപിക്കും. അരൂക്കുറ്റിയില്‍ ഏഴ് ഡോക്ടര്‍മാരാണ് വേണ്ടതെങ്കിലും നാല് ഡോക്ടര്‍മാരെയുള്ളു. ഡോക്ടര്‍മാര്‍ക്കൊപ്പം മറ്റ് ജീവനക്കാരുടെ കുറവുമുണ്ട്.
അരൂക്കുറ്റിയില്‍ '108' ആംബുലന്‍സ് സര്‍വീസാണ് ഉണ്ടായിരുന്നു.എന്നാല്‍ ഇത് ഒരിക്കല്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കേടുപാടുകള്‍ തീര്‍ക്കാന്‍ വര്‍ക്ക്‌ഷോപ്പിലേക്കു കൊണ്ടുപോയെങ്കിലും പിന്നീട് തിരിച്ചു കൊണ്ടു വന്നിട്ടില്ല.താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമ്പോള്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള നിരവധി രോഗികള്‍ക്ക് ഏറെ ആശ്വാസമാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ശെല്‍വരാജ്, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡണ്ട് അബിദ അസ്സീസ്,പഞ്ചായത്ത് അംഗം പി.എസ്. ബാബു എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."