വേണ്ടത്ര ഡോക്ടര്‍മാരില്ലാതെ കായംകുളം താലൂക്കാശുപത്രി
കായംകുളം :പകര്‍ച്ച പനി ഉള്‍പ്പടെ നിരവധി രോഗങ്ങളാല്‍ ആയിരത്തോളം രോഗികള്‍ ചികിത്സ തേടി യെത്തുന്ന കായംകുളം താലൂക്കാശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഡോക്ടര്‍മാരുടെ കുറവും ആധുനിക സജ്ജീകരണങ്ങളും ഒരുക്കുമെന്ന് നിരവധി പ്രഖ്യാപനങ്ങള്‍ വന്നെങ്കിലും ഇവയെല്ലാം വാഗ്ദാനങ്ങളില്‍ ഒതുങ്ങി. കായംകുളം സര്‍ക്കാര്‍ ആശുപത്രിയ്ക്ക് താലൂക്കാ ശുപത്രിയുടെ പദവി ലഭിച്ചത് കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ്. ഏഴു വര്‍ഷം പിന്നിട്ടിട്ടും പദവിക്കൊത്ത അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടില്ല .
താലൂക്ക് ആശുപത്രിയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന സൗകര്യങ്ങള്‍ 250 കിടക്കകള്‍, കുറഞ്ഞത് 24 ഡോക്ടര്‍മാര്‍, ആനുപാതികമായി നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നവയാണ്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സ്‌പെഷ്യാലിറ്റി കേഡര്‍ സംവിധാനം നടപ്പാക്കിയതിനെത്തുടര്‍ന്ന് സൂപ്രണ്ട് ഉള്‍പ്പെടെ 17 ഡോക്ടര്‍മാരുടെ തസ്തികയാണ് കായംകുളത്തുള്ളത്. എന്നാല്‍, ഇത്രയും ഡോക്ടര്‍മാര്‍ ഇതുവരെ ഈ ആശു പത്രിയിലെത്തിയിട്ടില്ല.ഇപ്പോഴും സൂപ്രണ്ട് ഉള്‍പ്പെടെ കുറച്ച് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. സ്‌പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കിയതോടെ സര്‍ജന്റെ തസ്തിക കായംകുളത്തിന് നഷ്ടമായി. കായംകുളം ആശുപത്രിയിലെ സര്‍ജനെ പാറശ്ശാല ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ തസ്തികകൂടി അവിടേക്ക് മാറ്റുകയായിരുന്നു. അഞ്ച് വര്‍ഷത്തിലേറെയായി സര്‍ജന്റെ സേവനം ഇവിടത്തെ രോഗികള്‍ക്ക് ലഭിച്ചിട്ടില്ല.ടി.എന്‍. സീമ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 26.5 ലക്ഷം രൂപ വിനിയോഗിച്ച്ആധുനിക സജ്ജീകരണ ത്തോടുകൂടിയ മോര്‍ച്ചറി കെട്ടിടം നിര്‍മ്മിച്ചെങ്കിലും ശീതീകരണ സംവിധാനം ഇല്ലാത്തതിനാല്‍ ഹരിപ്പാട് താലൂക്കാശുപത്രി മോര്‍ച്ചറിയാണ് മൃതദേഹം പോസ്റ്റ് മാര്‍ട്ടം ചെയ്ത് സൂക്ഷിക്കാന്‍ ആശ്രയിക്കുന്നത് .
രക്തസംഭരണ യൂണിറ്റ് പ്രഖ്യാപനത്തിലൊതുങ്ങി. ഉപകരണങ്ങളെത്തിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. സാധാരണക്കാരായ രോഗികള്‍ക്ക് പ്രയോജനപ്പെടേണ്ട ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ ഇപ്പോഴും ആശുപത്രിയിലെ ഇരുട്ടുമുറിയിലാണ്.
അത്യാസന്നനിലയിലായ രോഗികളെ രക്ഷിക്കാന്‍ രക്തത്തിനുവേണ്ടി ബന്ധുക്കള്‍ നെട്ടോട്ടമോടുമ്പോഴാണ് ഈ അനാസ്ഥ. വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയാക്കി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ ജനറേറ്ററില്ലെന്നതായിരുന്നു കാരണമായി പറഞ്ഞത്. ഇപ്പോള്‍ പുതിയ ജനറേറ്റര്‍ സ്ഥാപിച്ചിട്ടും രക്തസംഭരണ യൂണിറ്റിനുള്ള കാത്തിരിപ്പ് തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."