കരിപ്പൂര്‍ വിമാനാപകടം: നൂറിലേറെ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടത്തില്‍ പെട്ട നൂറിലേറെ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തു. അപകട സ്ഥലത്ത് നടത്തിയ പരിശോധനകളിലാണ് പാസ്‌പോര്‍ട്ടുകളും സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുളള വസ്തുക്കളും സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളും കണ്ടെത്തിയത്. യാത്രക്കാരുടെ നിരവധി ബാഗേജുകളും പെട്ടികളും തകര്‍ന്ന നിലയിലാണ് ലഭ്യമായത്.
അപകടസ്ഥലത്ത് നിന്ന് കണ്ടെത്തിയ സ്വര്‍ണാഭരണങ്ങളടക്കമുളള വസ്തുക്കള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടമകളെ തിരിച്ചറിഞ്ഞ ശേഷം കൈമാറും. അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ ലഭ്യമായ ബാഗേജുകള്‍ അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കിവരികയാണ്. പൂര്‍ണമായും അണുനശീകരണവും കസ്റ്റംസ് പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ബാഗേജുകള്‍ കൈമാറുന്നത്. നൂറോളം യാത്രക്കാര്‍ക്കാണ് ബാഗേജുകള്‍ ഇതിനകം എത്തിച്ചു നല്‍കിയത്. എയര്‍ഇന്ത്യയുടെ നിര്‍ദേശത്തില്‍ അമേരിക്കന്‍ കമ്പനിയാണ് വിമാനാപകട സ്ഥലത്ത് പരിശോധനകള്‍ നടത്തി യാത്രക്കാരുടെ വസ്തുക്കള്‍ ക്രോഡീകരിക്കുന്നത്.
അപകടത്തില്‍പ്പെട്ട വിമാനത്തിലെ മുഴുവന്‍ യാത്രക്കാര്‍ക്കും ധനസഹായ വിതരണ നടപടികളിലേക്ക് എയര്‍ ഇന്ത്യ കടന്നു. 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെയാണ് ആദ്യഘട്ട ധന സഹായമായി കൈമാറുക. ഇതിനായുള്ള അപേക്ഷാ ഫോറങ്ങള്‍ യാത്രക്കാര്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ഏഴിനാണ് കരിപ്പൂരില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അപകടത്തില്‍ പെട്ട് 21 യാത്രക്കാര്‍ മരിച്ചത്. പരുക്കേറ്റവരില്‍ 146 യാത്രക്കാര്‍ ആശുപത്രി വിട്ടുവെങ്കിലും 21 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."