മഴ കുറഞ്ഞു, ചൂട് കൂടി; വൈദ്യുതി ഉപഭോഗം കുതിക്കുന്നു
തൊടുപുഴ: മണ്‍സൂണ്‍ നിര്‍ജീവമായതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഇതോടെ പ്രതിദിന വൈദ്യുതി ഉപഭോഗവും കുതിക്കുകയാണ്. കാലവര്‍ഷം ആരംഭിച്ച ശേഷം ഇത് ആദ്യമായി പ്രതിദിന ഉപഭോഗം 7 കോടി യൂണിറ്റ് കടന്നു. 7.06 കോടി യൂനിറ്റായിരുന്നു ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. കഴിഞ്ഞ മെയ് 30ന് ശേഷം ഇന്നലെയാണ് ഉപഭോഗം 7 കോടി യൂനിറ്റ് പിന്നിടുന്നത്. പകലും രാത്രിയിലും താപനിലയില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 15 ന് ശേഷം സംസ്ഥാനത്തൊരിടത്തും കാര്യമായ മഴ ലഭിച്ചിട്ടില്ല.
സംസ്ഥാനത്തെ പകല്‍ താപനില 31-34 ഡിഗ്രിവരെയും രാത്രിയില്‍ 22 -27 വരെയുമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ മാസം ആദ്യവാരം ഉണ്ടായിരുന്നതില്‍നിന്ന് 5-10 ഡിഗ്രി വര്‍ധനവ് വന്നിട്ടുണ്ട്. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശക്തമായ മഴ ഈ മാസം 14 വരെ മിക്ക ജില്ലകളിലും ലഭിച്ചിരുന്നു. പിന്നീടങ്ങോട്ട് താപനില ഘട്ടം ഘട്ടമായി ഉയരുകയായിരുന്നു.
ചൂട് കൂടിയതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും കുത്തനെ കുറഞ്ഞു. ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ പ്രതിദിനം 4-6 അടിവരെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് അരയടി പോലും ഇടുക്കിയില്‍ ജലനിരപ്പുയര്‍ന്നിട്ടില്ല. ഈ മാസത്തെ അഞ്ചാമത്തെ ന്യൂനമര്‍ദം കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. ആദ്യ രണ്ട് ന്യൂനമര്‍ദങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് മഴക്ക് കാരണമായത്.
ദിവസങ്ങളായി തുടരുന്ന വരണ്ട കാലവസ്ഥ സെപ്തംബര്‍ ആദ്യവാരംവരെ തുടരുമെന്നാണ് നിഗമനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം 30 വരെ മിക്കയിടത്തും മഴ സാധ്യത കുറവാണ്. എന്നാല്‍ 29 ന് ശേഷം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴ പ്രവചിക്കുന്നുണ്ട്. മലയോര മേഖലകളിലും വടക്കന്‍ ജില്ലകളിലുമാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. മണ്‍സൂണിന്റെ ഭാഗമായ മഴ അടുത്തമാസം ആദ്യവാരത്തോടെ തിരികെയെത്തുമെന്നാണ് സ്വകാര്യ കാലവസ്ഥ ഏജന്‍സി പ്രവചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."