വൃക്ക പകുത്തു നല്കാന് ഭാര്യ തയാര്‍; സഹായം തേടി 45കാരന്
പെരിന്തല്‍മണ്ണ: വൃക്കകളിലൊന്ന് പകുത്തു നല്കാന് ഭാര്യ സന്നദ്ധം. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാവാതെ 45കാരന് സുമനസുകളുടെ സഹായം തേടുന്നു. ഇരുവൃക്കകളും തകരാറിലായ ഏലംകുളം പഞ്ചയാത്ത് നാലാം വാര്‍ഡിലെ പാറക്കല്‍മുക്ക് നിവാസി കുമ്പളാക്കുഴി ശശി (45) ആണ് ജീവിതത്തിലേക്ക് തിരികെ എത്താന്‍ കൈത്താങ്ങ് തേടുന്നത്. രണ്ടുവര്‍ഷം മുന്‍പ് അപ്രതീക്ഷിതമായി എത്തിയ രോഗമാണ് ശശിയുടെയും കുടുംബത്തിന്റെയും പ്രതീക്ഷകള്‍ തകര്‍ത്തത്.
ഡ്രൈവിങ് ജോലിയിലൂടെ കിട്ടുന്ന ശശിയുടെ വരുമാനംകൊണ്ട് ഭാര്യയും സഹോദരങ്ങളുമടങ്ങുന്ന കുടുംബം അല്ലലില്ലാതെ കഴിഞ്ഞു വരുമ്പോഴായിരുന്നു രോഗമെത്തിയത്. രോഗം മൂര്‍ച്ഛിച്ചതോടെ ഗുരുതരാവസ്ഥയിലായ ശശിക്ക് ജീവന് നിലനിര്‍ത്തണമെങ്കില്‍ ആഴ്ചയില്‍ മൂന്നുദിവസം ഡയാലിസിസ് നടത്തണം. പ്രതിവിധിയായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ്. അടുത്ത മാസം ആദ്യത്തിലായി ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. ഭാര്യ ചന്ദ്രമതിയുടെ വൃക്കകള്‍ ശശിയുടെ ശരീരത്തിന് ചേരുന്നതാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിക്കഴിഞ്ഞു. ശസ്ത്രക്രിയയ്ക്കും ചികിത്സാ ചെലവുകള്‍ക്കുമായി 15 ലക്ഷത്തോളം രൂപയും വേണ്ടി വരും. എന്നാല്‍, സ്വന്തമായി കിടപ്പാടം പോലുമില്ലാത്തതിനാല്‍ സഹോദരിക്ക് പഞ്ചായത്ത് അനുവദിച്ച പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത വീട്ടില്‍ അന്തിയുറങ്ങുന്ന ശശിക്ക് ഈ തുക സ്വപ്നം കാണാന്‍ പോലുമാകില്ല. ഇത്രയും നാളത്തെ ചികിത്സകള്‍ നാട്ടുകാരുടെ സഹായത്താലാണ് നടന്നുവന്നത്.
ഈ സാഹചര്യത്തില്‍ പാറക്കല്മുക്കിലെ നാട്ടുകാര്‍ ചേര്‍ന്ന് ശശിയുടെ ചികിത്സയ്ക്ക് തുക കണ്ടെത്തുന്നതിനായി സഹായനിധി രൂപീകരിക്കാന്‍ ബാങ്ക് അക്കൗണ്ട് തുറന്നു. (നമ്പര്‍ 38390118595). ഐ.എഫ്.എസ്.സി നമ്പര്‍: എസ്.ബി.ഐ.എന്‍ 0071127, കുന്നക്കാവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ, ഏലംകുളം ബ്രാഞ്ച്. വിവരങ്ങള്‍ക്ക്: 9847476147.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."