വയനാട്ടില്‍ പോളിങ് 80% കടന്നത് അഞ്ച് നിയോജക മണ്ഡലങ്ങളില്‍
കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഗ്ലാമര്‍ മണ്ഡലങ്ങളില്‍ ഒന്നായി മാറിയ വയനാട്ടില്‍ പോളിങ് 80 ശതമാനം കടന്നത് അഞ്ച് നിയോജക മണ്ഡലങ്ങളില്‍. ഏറനാട്, തിരുവമ്പാടി, കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലാണ് 80ന് മുകളില്‍ പോളിങ് നടന്നത്. അഞ്ചിടത്തും സ്ത്രീ വോട്ടര്‍മാരാണ് പോളിങില്‍ മുന്നിലുള്ളത്. 80.26 ശതമാനമാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയ പോളിങ്.
ഇത് രാഹുല്‍ ഇഫക്ട് ആണെന്ന് യു.ഡി.എഫും തങ്ങള്‍ മണ്ഡലത്തില്‍ കാടിളക്കി നടത്തിയ പ്രചാരണത്തിന്റെ പ്രതിഫലനമെന്ന് എല്‍.ഡി.എഫും അവകാശപ്പെടുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴ് ശതമാനത്തിനടുത്ത് പോളിങ് കൂടിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്.
പോളിങ് വര്‍ധന രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം തങ്ങള്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തെത്തുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് കേന്ദ്രങ്ങളുള്ളത്. മൃഗീയ ഭൂരിപക്ഷത്തിലേക്ക് കാര്യങ്ങള്‍ കടക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍ മണ്ഡലത്തില്‍ വന്‍ അത്ഭുതത്തിനാണ് കളമൊരുങ്ങുന്നതെന്നാണ് തെരഞ്ഞെടുപ്പിന് ശേഷവും എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം.
തങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസവും. എന്‍.ഡി.എയും തങ്ങളുടെ വോട്ടില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."