' സെക്രട്ടറിയേറ്റ് അവരുടെ തറവാട് സ്വത്താണോ?, മാരകായുധങ്ങളുമായി എത്തിയെങ്കില്‍ അപ്പോള്‍ തന്നെ പിടിക്കാമായിരുന്നില്ലേ';കെ സുരേന്ദ്രന്‍
തിരുവനന്തപുരം: തീപിടുത്തതിന് പിന്നാലെ സെക്രട്ടറിയേറ്റില്‍ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മാരക ആയുധങ്ങളുമായി ബി.ജെ.പി നേതാക്കള്‍ സെക്രട്ടറിയേറ്റില്‍ എത്തിയെന്നാണ് ഒരു മന്ത്രി പരസ്യമായി പറഞ്ഞതെന്നും മാരകായുധങ്ങളുമായി എത്തിയെങ്കില്‍ അപ്പോള്‍ തന്നെ പിടിക്കാമായിരുന്നില്ലേയെന്നുമായിരുന്നു സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചത്.
എന്ത് മാരകായുധങ്ങളാണ് തങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.'ഈ സംഭവം അറിഞ്ഞ് ഓടിയെത്തിയവരെയെല്ലാം കള്ളക്കേസില്‍ കുടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്ത് ഇത്രയും ഗൗരവമേറിയ ഒരു വിഷയം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ജനങ്ങളും പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും വരില്ലേ. അവരാരും അങ്ങോട്ട് കടന്നുവരേണ്ടെന്നാണോ തീരുമാനം. അങ്ങനെ തീരുമാനിക്കാന്‍ എന്താണ് അവകാശം.സെക്രട്ടറിയേറ്റ് എന്ന് പറയുന്നത് ഈ നാട്ടിലെ ജനങ്ങളുടെ സ്വത്തല്ലേ. അവിടെ ആളുകള്‍ക്ക് ഒരു സംഭവം ഉണ്ടാകുമ്പോള്‍ പൊലീസിനെ വെച്ച് ആളുകളെ തടയാം. പക്ഷേ പത്രപ്രവര്‍ത്തകരും ആളുകളും അവിടെ ചെന്നതാണ് ഇപ്പോള്‍ വലിയ കുഴപ്പമായി കാണിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രഖ്യാപിച്ചത്.
സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഉടന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നതില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രന്‍ അകത്ത് കടന്നത് സുരക്ഷാ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതേ സമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിലും സുരേന്ദ്രന്‍ പ്രതികരിച്ചു. സ്വര്‍ണക്കടത്തില്‍ ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ല. പ്രതിയായ സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."