ട്രോമാകെയര്‍ സെന്റര്‍ പൂര്‍ത്തിയായില്ല; ഒത്തുകളിയെന്ന് ആരോപണം
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ട്രോമാകെയര്സെന്റര് പൂര്‍ത്തിയാക്കാത്തതിനു പിന്നില്‍ കരാറുകാരനും സ്വകാര്യ ആശുപത്രി ലോബികളും തമ്മിലുള്ള ഒത്തുകളിയെന്ന ആരോപണം ശക്തമാകുന്നു.
ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കാഷ്വാലിറ്റി ഭാഗം പൊളിച്ചുനീക്കിയാണ് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ട്രോമാകെയര്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ രണ്ടരവര്‍ഷം മുമ്പ് ആരംഭിച്ചത്. ഇതിന് 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
എന്നാല്‍ തുടക്കത്തില്‍ പഴയ കാഷ്വാലിറ്റി ഭാഗം പകുതി മാത്രം പൊളിച്ചുമുങ്ങിയ കരാറുകാരന് പിന്നീട് ആറു മാസം കഴിഞ്ഞാണ് പൊങ്ങിയത്. ഇതു വാര്‍ത്തയാകുകയും ജനങ്ങളില്‍ പ്രതിഷേധം ഉടലെടുക്കുകയും ചെയ്തതോടെയാണ് ആരോഗ്യവകുപ്പിലെ ഉന്നതരുടെ ഇടപെടലുണ്ടായി.
പിന്നീട് കുറച്ചുദിവസത്തെ ജോലികള്‍ക്കുശേഷം കരാറുകാരന് വീണ്ടും മുങ്ങി. ഇപ്പോള്‍ പുതിയ കെട്ടിടത്തിന്റെ വൈദ്യുതീകരണജോലികള്‍ ബാക്കിയായിരിക്കുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടാവുന്ന വാഹനാപകടങ്ങളിലും മറ്റുദുരന്തങ്ങളിലും പെട്ട് അടിയന്തിര ചികിത്സ തേടി ജില്ലാ ആശുപത്രിയിലെത്തിക്കുന്നവരെ ഇത്തരം ചികിത്സ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും മറ്റു സ്വകാര്യാശുപത്രികളിലേക്ക് മാറ്റുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."