കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണം; ട്രാഫിക് സജ്ജീകരണം ഇന്നുമുതല്‍
ചാലക്കുടി: മുനിസിപ്പല്‍ ജങ്ഷനില്‍നിന്ന് ദേശീയപാതയിലേക്കുള്ള പ്രവേശനം തടയുന്നതടക്കമുള്ള ട്രാഫിക് സജ്ജീകരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായാണ് മുനിസിപ്പല്‍ ജങ്ഷന്‍ താല്‍ക്കാലികമായി അടച്ചുക്കെട്ടുന്നത്. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് അടിപ്പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് മുനിസിപ്പല്‍ ജങ്ഷന്‍ ഇപ്പോള്‍ താല്‍ക്കാലികമായി അടക്കുന്നത്.
നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതല്‍ തൃശൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ക്രസന്റ് സ്‌കൂളിന് സമീപം ദേശീയപാതയുടെ എതിര്‍വശത്ത് കിഴക്ക് ഭാഗത്തുള്ള സര്‍വിസ് റോഡ് വഴി എറണാകുളം ഭാഗത്തേക്ക് പ്രവേശിക്കണം. അതുപോലെ തന്നെ എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ നിലവിലുള്ള റോഡിന്റെ കിഴക്ക് ഭാഗത്തുകൂടി പോകുന്ന തരത്തിലാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.
നഗരസഭാ ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തല്‍ക്കാലം നിയന്ത്രണം നടപ്പിലാക്കേണ്ടെന്നായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മുനിസിപ്പല്‍ ജങ്ഷന്‍ അടച്ചുക്കെട്ടുന്നതടക്കമുള്ള ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.
കുറച്ച് നാളുകളായി അടിപ്പാതയുടെ നിര്‍മാണം നിലച്ചിരിക്കുകയായിരുന്നു. അടിപ്പാതയുടെ നിര്‍മാണത്തിനായി ഇരുപതടിയോളം താഴ്ചയില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റിങിനായി കമ്പി പാകുന്ന പ്രവൃത്തികള്‍ ചെയ്ത പഴയ കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനി പ്രവൃത്തികള്‍ നിര്‍ത്തിവച്ച് പോയിരുന്നു.
തുടര്‍ന്ന് യുണീക് ആന്‍ഡ് ഭാരതീയ കമ്പനിയാണ് ഇപ്പോള്‍ കരാര്‍ ഏറ്റെടുത്ത് പ്രവൃത്തികള്‍ നടത്തുന്നത്. ആറ് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി.
വന്‍ അപകട സാധ്യതയുള്ള ദേശീയപാതയിലെ ഈ ഭാഗത്ത് മതിയായ സംരക്ഷണം ഇതുവരേയും ഒരുക്കിയിട്ടില്ല. നിര്‍മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഈ ഭാഗത്തെ രണ്ടുവരിപാത ഒറ്റവരിപാതയാക്കിയതിനെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
250ദിവസം കൊണ്ട് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2018 മാര്‍ച്ച് 18നാണ് നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ തുടക്കത്തിലെ പ്രവൃത്തികള്‍ താളം തെറ്റി. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് കരാറുകാര്‍. ഇവര്‍ നിര്‍മാണ ജോലികള്‍ ഉപകരാര്‍ നല്‍കി. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രവൃത്തികള്‍ നിലച്ചു.
നിര്‍മാണത്തിന്റെ ഭാഗമായി പടിഞ്ഞാറ് ഭാഗത്തെ സര്‍വിസ് റോഡ് താഴ്ത്തുന്ന ജോലികളാണ് തുടങ്ങിവച്ചത്. പ്രവൃത്തികള്‍ ആരംഭിച്ചപ്പോള്‍ സര്‍വിസ് റോഡിലെ ഗതാഗതം നിര്‍ത്തിവച്ചു. ദേശീയപാതയിലെ ഗതാഗതം ഒരുവരിയാക്കി നിയന്ത്രിച്ചിരിക്കുകയാണ്.
ചാലക്കുടി-മാള റോഡിലെ സിഗ്‌നല്‍ സംവിധാനം നിര്‍ത്തലാക്കാനായാണ് അടിപ്പാത നിര്‍മിക്കുന്നത്.
നാലുവരിപാത പ്രബല്യത്തില്‍ വന്നകാലം മുതലെ മുനിസിപ്പല്‍ ജങ്ഷനില്‍ അപകടങ്ങളും അപകട മരണങ്ങളും പതിവായി മാറി.
ഇതേ തുടര്‍ന്ന് സിഗ്‌നല്‍ സംവിധാനം മാറ്റി അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജങ്ഷനില്‍ അടിപ്പാത നിര്‍മാണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."