കടപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; പുന്നക്കച്ചാല്‍ നാല് സെന്റ് കോളനിയില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി
ചാവക്കാട്: കടപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. പുന്നക്കച്ചാല്‍ നാല് സെന്റ് കോളനിയില്‍നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി.
ഡോക്ടര്‍ എന്ന വ്യാജേന ഇടുക്കിയില്‍നിന്ന് കഞ്ചാവ് വീട്ടിലെത്തിച്ച് മൊത്ത കച്ചവടം നടത്തുന്ന കടപ്പുറം തൊട്ടാപ്പ് ഞാവേലി പറമ്പില്‍ റാഫി എന്ന വെട്ട് റാഫിയുടെ (43) വീട് വളഞ്ഞ് എക്സൈസ് ഉദ്യോസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവും 69,520 രൂപയും പിടികൂടിയത്.
കഞ്ചാവ് ചെറിയ പൊതികളാക്കി വില്ക്കാന് പ്ലാസ്റ്റിക് പാക്കിങ് മെഷിനുള്പ്പെടെയുള്ള വസ്തുക്കളും ഒരു സ്റ്റെതസ്കോപ്പും പിടികൂടിയിട്ടുണ്ട്.
സംഭവത്തിനു മുന്‍പേ ഓടി രക്ഷപെട്ട റാഫിയുടെ പേരില്‍ എക്സൈസ് കേസെടുത്തു. റാഫിയുടെ കടപ്പുറം പുന്നക്കച്ചാല്‍ നാലു സെന്റ് കോളനിയിലുള്ള ഭാര്യ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചാവക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ പി.എ ഹരിദാസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സുധീര്‍ കുമാര്‍, ജെയ്സന് പി ദേവസി, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.എന്‍ നിഷ, പി.എസ് രതിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് വേട്ടക്കിറങ്ങിയത്. എക്സൈസ് സംഘത്തെ കണ്ട ഉടന്‍ റാഫി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഘം വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവും പണവും മറ്റു വസ്തുക്കളും കണ്ടെടുത്തത്.
ഇടുക്കിയില്‍നിന്ന് കാറിലാണ് ഇയാള്‍ ഡോക്ടര്‍ എന്ന വ്യാജേന കഞ്ചാവ് കടത്തിയിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇതിനായി സ്റ്റെതസ്ക്കോപ്പ് കഴുത്തില്‍ തൂക്കിയിടുമത്രേ. നിരവധി ക്രിമിനല്‍ കേസുകളിലും ഒരു കൊലക്കേസിലും പ്രതിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."