അട്ടപ്പാടി ഇനി പഴയ അട്ടപ്പാടിയല്ല
അഗളി: ഇരുട്ടിന്റെ മറവ് പറ്റി ആര്‍ക്കും ഇനി ഒന്നും അട്ടപ്പാടിയിലേയ്ക്ക് കടത്താനാകില്ല. തമിഴ്‌നാട് കേരളം അതിര്‍ത്തിയായ ആനക്കട്ടിയിലും മുക്കാലിയിലും കേരളാ പൊലിസിന്റെ ഔട്ട് പോസ്റ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഗളി പൊലിസ്‌റ്റേഷന്റെ മേല്‍നോട്ടത്തില്‍ മുക്കാലിയിലും ഷോളയൂര്‍ പൊലിസ് സ്‌റ്റേഷന്റെ കീഴില്‍ ആനക്കട്ടിയിലുമാണ് പുതിയതായി പൊലിസ് ഔട്ട് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളില്‍ മദ്യവും മറ്റ് ലഹരിവസ്തുക്കളും കൂടുതലായെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണെന്നിരിക്കെ ആനക്കട്ടിയില്‍ പൊലിസ് പരിശോധനയ്ക്കായി ഒരു സ്ഥിരം സംവിധാനം വേണമെന്നത് പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. 12 കിലോമീറ്റര്‍ അകലെ ഷോളയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റേഷനില്‍ നിന്നും രാത്രിയില്‍ ആനക്കട്ടിയിലെത്തി പരിശോധന നടത്തുന്നതിന് പരിമിതികള്‍ ഏറെയായിരുന്നു.
ആനക്കട്ടി ഫോറസ്റ്റ് സ്‌റ്റേഷന് സമീപമായി നിര്‍മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിലാണ് പൊലീസ് ഔട്ട് പോസ്റ്റിന്റെ പ്രവര്‍ത്തനം. പരിശോധന ശക്തമാക്കുന്നതിനായി ആനക്കട്ടി പാലത്തിന് സമീപത്ത് ഓട്ടോമാറ്റിക്ക് ബാരിക്കേഡും സ്ഥാപിച്ചു. നിലവില്‍ ഷോളയൂര്‍ പൊലിസ് സ്‌റ്റേഷനില്‍ നിന്നുള്ള ഓഫീസറുടെ നേതൃത്വത്തില്‍ രണ്ട് ലോക്കല്‍ പൊലിസും, ആറ് എ.എന്‍.എഫ് അംഗങ്ങളും ആനക്കട്ടി ഔട്ട്‌പോസ്റ്റില്‍ പരിശോധന നടത്തും. കേരളാ വനംവകുപ്പിന്റെ ഒരു ഒ.പിയും ആനക്കട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പരിശോധനയ്ക്കായി മുക്കാലിയിലും പൊലിസ് ഔട്ട് പോസ്റ്റ ്പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നേരത്തെ വനംവകുപ്പിന്റെ ഒ.പി പ്രവര്‍ത്തിച്ചിരുന്നിടത്താണ് പുതിയ പൊലിസ് ഒ.പിയുടെ പ്രവര്‍ത്തനം. വനംവകുപ്പിന്റെ ഒ.പി പന്നിയൂര്‍ പടികയിലുള്ള പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മുക്കാലി പൊലിസ് ഒ.പിയില്‍ ലോക്കല്‍ പൊലീസ്, എ.എന്‍.ഫ് അംഗങ്ങളാണ് പരിശോധന നടത്തുക. മണ്ണാര്‍ക്കാട് മേഖലിയില്‍ നിന്ന് അട്ടപ്പാടിയിലേയ്ക്ക് മദ്യം കടത്തുന്നത് തടയുന്നതിനും അട്ടപ്പാടിയില്‍ നിന്ന് ലഹരി വസ്തുകളടക്കമുള്ളവയുടെ അനധികൃത കടത്ത് തടയുന്നതിനും വേണ്ടിയാണ് മുക്കാലിയില്‍ ഔട്ട് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. 24 മണിക്കൂര്‍ പ്രവര്‍ത്തനമാണ് ഷോളയൂര്‍ പൊലീസ് ഔട്ട് പോസ്റ്റിന്റെത്.
എന്നാല്‍ പുതിയതായി നിര്‍മ്മിച്ചിരിക്കുന്ന ഒ.പിയുടെ കെട്ടിടത്തില്‍ വൈദ്യുതി, വെള്ളം എന്നിവയുടെ കണക്ഷന്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരേയാണ് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതിയും, വെള്ളവും ലഭ്യമാകുന്നതോടെ പ്രവര്‍ത്തനം മുഴുവന്‍ സമയമാക്കും ഷോളയൂര്‍ പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."