കൊലക്കേസ് പ്രതിക്ക് തടവും പിഴയും
പാലക്കാട്: കഴുത്തില്‍ തേപ്പുപെട്ടിയുടെ വയര്‍ മുറുക്കി വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 12വര്‍ഷം കഠിനതടവും 1.3ലക്ഷം രൂപ പിഴയും ശിക്ഷ. തണ്ണീര്‍പ്പന്തല്‍ കണ്ണത്ത് വീട്ടില്‍ രതീഷി(37)നാണ് അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്) ജഡ്ജി ഇ.സി.ഹരിഗോവിന്ദന്‍ ശിക്ഷ വിധിച്ചത്. പല്ലഞ്ചാത്തനൂര്‍ കാരാട് വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യമാധവി(59)യെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പിഴത്തുക മാധവിയുടെ അനന്തരാവകാശികള്‍ക്ക് കൊടുക്കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക കഠിനതടവനുഭവിക്കണം. 2011 ആഗസ്ത് 23നാണ് കേസിനാസ്പദമായ സംഭവം.
അയല്‍വാസിയായ രതീഷ് മാധവിയുടെ വീട്ടില്‍ എല്ലാദിവസവും വരാറുണ്ട്. സംഭവദിവസം മാധവി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ രതീഷ് വീട്ടിലെത്തുകയും സോഫയിലിരുന്ന് ടിവി കാണുകയായിരുന്ന മാധവിയുടെ കഴുത്തില്‍ ഫാനിന്റേയും ഇസ്തിരിപ്പെട്ടിയുടെ വയര്‍ കുരുക്കി കൊലപ്പെടുത്തി. അവര്‍ ധരിച്ചിരുന്ന ആറേകാല്‍ പവന്‍ സ്വര്‍ണം കവര്‍ന്നതായാണ് കേസ്.മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് പണയം വച്ചു.ബാക്കിയുള്ളവ ് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചു.
ഇവ പിന്നീട് പൊലീസ് കണ്ടെത്തി. കുഴല്‍മന്ദം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിഐമാരായ ഇ.ജലീല്‍, ഇ.ബാലകൃഷ്ണന്‍, പി.സി.ഹരിദാസന്‍ അന്വേഷിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ആര്‍.ആനന്ദ്, കെ.അരവിന്ദാക്ഷന്‍ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."