എറൈസ് പദ്ധിതിയില്‍ പതിനായിരം യുവതീ യുവാക്കള്‍ക്ക് തൊഴില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരം യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി പുതിയ പദ്ധതി തയാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എറൈസ് പദ്ധതിയില്‍ യുവ കേരളത്തെ പ്രതിനിധീകരിച്ച് പതിനായിരം ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പദ്ധതിയില്‍ പതിനായിരം പേര്‍ക്കാണ് നൈപുണ്യപരിശീലനം നല്‍കുക.
കുടുംബശ്രീയുടെ നേതൃത്വത്തിലാണ് എറൈസ് തൊഴില്‍ പരിശീലന പദ്ധതി നടപ്പാക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് ഗൃഹപരിപാലന ജോലിയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 11 പേര്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ തന്നെ ഒരു വര്‍ഷത്തെ കരാര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. തൊഴില്‍ പരിശീലനത്തിനൊപ്പം തൊഴിലുമെന്ന വാഗ്ദാനം നടപ്പാക്കുകയാണ് പദ്ധതിയിലൂടെ.
കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലായിരം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതാണ് എറൈസ് പദ്ധതി. ഗൃഹപരിപാലനത്തിന് പുറമേ ഇലക്ട്രിക്കല്‍, പ്ലംബിങ് തുടങ്ങിയ പത്തോളം മേഖലകളില്‍ പരിശീലനം നല്‍കും. ഇതില്‍ പുരുഷന്മാരുമുണ്ട്.
ഗൃഹപരിപാലനത്തില്‍ പരിശീലനം നേടിയ ആദ്യ ബാച്ചില്‍ 22 സ്ത്രീകളാണുള്ളത്. ഇതില്‍ 11 പേരാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരുവര്‍ഷത്തെ കരാറിലാണ് നിയമനം. തൊഴില്‍ രഹിതര്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് ലക്ഷ്യം.
കാലവര്‍ഷക്കെടുതി മൂലം നാശനഷ്ടങ്ങളുണ്ടായ വീടുകള്‍ വാസയോഗ്യ മാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ 'എറൈസ്' മള്‍ട്ടി ടാസ്‌ക് ടീമുകള്‍ സജീവമാകുന്നു. 2018ലെ പ്രളയത്തിന് ശേഷം ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നത് ലക്ഷ്യമിട്ടാണ് കുടുംബശ്രീ എറൈസ് എന്ന പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. ഏറ്റവും കൂടുതല്‍ തൊഴില്‍സാധ്യതയുണ്ടെന്ന് സര്‍വ്വേ മുഖേന കണ്ടെത്തിയ പ്ലംബിങ്, ഇലക്ട്രോണിക്‌സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍, ഡേ കെയര്‍, ഹൗസ് കീപ്പിങ് എന്നീ മേഖലകളില്‍ പരിശീലനം നല്‍കി മള്‍ട്ടി ടാസ്‌ക് ടീമുകള്‍ രൂപീകരിക്കുകയാണ് എറൈസ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
ഇതില്‍ പ്ലംബിങ്, ഇലക്ട്രോണിക്‌സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍ മേഖലകളില്‍ പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി 60 പഞ്ചായത്തുകളിലായി 90 മള്‍ട്ടി ടാസ്‌ക് ടീമുകള്‍ രൂപീകരിച്ചു. ഈ ടീമുകളാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലികള്‍ ചെയ്തു വരുന്നത്. ഓഗസ്റ്റ് 15 വരെയുള്ള കണക്കു പ്രകാരം കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ എട്ട് ജില്ലകളിലായി 21 ടീമുകള്‍ 78 വീടുകള്‍/പൊതു ഓഫീസുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്തുകഴിഞ്ഞു. കേടുപാടുകള്‍ സംഭവിച്ച സ്വിച്ച് ബോര്‍ഡ്, മോട്ടോര്‍, ഫ്രിഡ്ജും വാഷിങ് മെഷീനുമടക്കമുള്ള വീട്ടുപകരണങ്ങള്‍, വയ റിങ് തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളാണ് ചെയ്തുവരുന്നത്.
അറ്റകുറ്റപ്പണികള്‍ക്കായി എറൈസ് ടീമുകളെ ഉപയോഗിക്കാമെന്ന ഉത്തരവ് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിരുന്നു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പ്രത്യേക അഭ്യര്‍ഥന അനുസരിച്ചാണ് ഈ ഉത്തരവുണ്ടായത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, ശ്രീകണ്ഠപരം, ചെങ്ങളായ്, വയനാട് ജില്ലയിലെ പുല്‍പ്പള്ളി, തിരുനെല്ലി, മലപ്പുറം ജില്ലയിലെ പുളിക്കല്‍, ആലിപ്പറമ്പ്, പാലക്കാട് ജില്ലയിലെ കരിമ്പ, പറളി, കോഴിക്കോട്ടെ ഒളവണ്ണ, കോട്ടയത്തെ അയര്‍ക്കുന്നം, മണിമല, എറണാകുളത്തെ വാളകം, മൂവാറ്റുപുഴ, ആലപ്പുഴ നോര്‍ത്ത് പുന്നപ്ര എന്നിവിടങ്ങളിലാണ് എറൈസ് ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ടീമുകളുടെ ലിസ്റ്റ് ജില്ലാ മിഷന്‍ തയാറാക്കി ജില്ലാ കലക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും കൈമാറും. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ വഴി ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകളുടെ പട്ടിക തയാറാക്കി അതനുസരിച്ചാണ് ടീം പ്രവര്‍ത്തനം നടത്തുന്നത്.
ഒക്ടോബറില്‍ നടത്തിയ സര്‍വ്വേയ്ക്ക് ശേഷം 2018 ഡിസംബര്‍ മുതലാണ് എറൈസ് പരിശീലന പദ്ധതി ആരംഭിച്ചത്. വിവിധ തൊഴില്‍ മേഖലകളില്‍ കുടുംബശ്രീ എംപാനല്‍ ചെയ്ത 35 ഏജന്‍സികള്‍ വഴിയാണ് ഓരോ ജില്ലയിലും പരിശീലനം നല്‍കി വരുന്നത്. ഇലക്ട്രോണിക്‌സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, പ്ലംബിങ് മേഖലകളില്‍ പരിശീലനം നേടിയവരെ ചേര്‍ത്ത് തയാറാക്കിയ മള്‍ട്ടി ടാസ്‌ക്ക് ടീമുകളുടെ സംസ്ഥാനതല സംഗമം ജൂലൈയില്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ ഇവര്‍ക്ക് പ്രത്യേക യൂണിഫോമും നല്‍കി.
എറൈസ് ടെക്‌നീഷ്യന്‍ എന്ന പേരിലാണ് ടീം അംഗങ്ങള്‍ അറിയപ്പെടുന്നത്. ഭാവിയില്‍ ഇവര്‍ക്ക് റിപ്പയറിങ്ങിനുള്ള ടൂള്‍ കിറ്റും വാഹനം വാങ്ങാന്‍ പലിശ സബ്‌സിഡിയും നല്‍കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു. കൂടുതല്‍ തൊഴില്‍ വൈദഗ്ധ്യം നേടുന്നതിനായി 400 മണിക്കൂറുള്ള തുടര്‍ പരിശീലനം നല്‍കും. 22 ഗവണ്‍മെന്റ് ഐ.ടിഐകളുമായി ഇതിന് കുടുംബശ്രീ ധാരണയിലുമെത്തിയിട്ടുണ്ട്. ടീം അംഗങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കാനും ഈ വര്‍ഷം ഒരു തദ്ദേശ സ്ഥാപനത്തിന് കീഴില്‍ ഒരു മള്‍ട്ടി ടാസ്‌ക് ടീമെങ്കിലും രൂപീകരിക്കാനുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."