സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: സി.പി.എം
തളിപ്പറമ്പ്: വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് സി.പി.എമ്മുകാര്‍ ആക്രമിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍. കീഴാറ്റൂരിലെ ചെറുപ്പക്കാരുടെ വിഡിയോ പ്രചരിപ്പിച്ച് അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. ദേശീയപാതാ വികസനത്തിന്റെ പേരിലുള്ള സമരം പരാജയപ്പെട്ടപ്പോഴാണ് തെരഞ്ഞെടുപ്പ് ചൂടെത്തിയത്. ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ശ്രമം നടത്തി. അതു നടന്നില്ല. സുരേഷ് പ്രചരിപ്പിച്ച വീഡിയോയിലെ രണ്ട് ചെറുപ്പക്കാരുടെ അമ്മമാര്‍ മാത്രമാണ് ആ വീട്ടിലേക്ക് പോയത്. ഈ സാഹചര്യം സുരേഷ് കീഴാറ്റൂര്‍ മുതലെടുക്കുകയായിരുന്നുവെന്നും സി.പി.എം ഏരിയാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അക്രമത്തില്‍ പരുക്കേറ്റ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയെ കെ. സുധാകരന്‍ സന്ദര്‍ശിച്ചു. കീഴാറ്റൂര്‍ ഗവ.എല്‍.പി സ്‌കൂളിലെ പോളിങ് ബൂത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ടെലികാസ്റ്റിന്റെ വീഡിയോ സഹിതം സുരേഷ് കീഴാറ്റൂര്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ രാത്രി കീഴാറ്റൂര്‍ വായനശാലക്ക് സമീപത്തെ വീട് വളഞ്ഞത്. ഇതിനിടെ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. കെ. ബിജുമോന്‍, അര്‍ജുന്‍ ഗംഗാധരന്‍, വിമല്‍ മാധവ്, അര്‍ജുന്‍ രഘുനാഥ്, അക്ഷയ് ഉണ്ണികൃഷ്ണന്‍, കെ. സുധീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
അതേസമയം, സുരേഷ് കീഴാറ്റൂരും സഹോദരനും അക്രമിച്ചതായി ആരോപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ തളിപ്പറമ്പ് വില്ലേജ് പ്രസിഡന്റ് പി. വത്സല(50), സെക്രട്ടറി പി.വി ഗീത(47) എന്നിവര്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സതേടി.
സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയത് ചോദ്യംചെയ്തതിന് മര്‍ദ്ദിച്ചെന്നാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."