ആരവമൊഴിഞ്ഞു; പ്രചാരണ ബോര്‍ഡുകള്‍ ബാക്കി
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ആളും ആരവവും ഒഴിഞ്ഞു. ഇനി മുന്നണികളുടെ പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് മെയ് 23ലെ വോട്ടെണ്ണല്‍ ദിവസത്തിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ശേഷിപ്പായി നഗരവീഥികളിലും ഗ്രാമങ്ങളിലും ബാക്കിയാവുന്നത് പ്രചാരണ ബോര്‍ഡുകളാണ്. ചെറുതും വലുതുമായി നിരവധി പ്രചാരണ ബോര്‍ഡുകളും നോട്ടിസുകളുമാണ് മൂന്നുമുന്നണികളും അടിച്ചിറക്കിയത്. കാസര്‍കോട് നഗരത്തിലും നഗരത്തിലേക്കുള്ള വഴികളിലും എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കൂറ്റന്‍ പ്രചാരണ ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
എന്‍.ഡി.എയുടെ പോസ്റ്ററുകളും ബോര്‍ഡുകളും പലയിടങ്ങളിലുമുണ്ട്. കെട്ടിടങ്ങളുടെ മുകളിലാണ് പ്രധാനമായും വമ്പന്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടികള്‍ തന്നെ അവരവരുടെ പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാണ് ചട്ടം. അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നതിനുമുന്‍പ് പാര്‍ട്ടികള്‍ ഈ ബോര്‍ഡുകള്‍ നീക്കം ചെയ്യുമോ എന്നതാണ് കാണേണ്ടത്.
ഫഌക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. അതുകൊണ്ട് ഇക്കുറി പരിസ്ഥിതി സൗഹൃദ ബോര്‍ഡുകളാണ് മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത്. പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിന് വിലക്കുള്ളതിനാല്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും കെട്ടിടങ്ങളിലുമാണ് മുന്നണികള്‍ പ്രചരണ ബോര്‍ഡുകളും നോട്ടിസുകളും സ്ഥാപിച്ചിട്ടുള്ളത്.
നഗരങ്ങളിലുള്ള കെട്ടിടങ്ങളിലാണ് കൂറ്റന്‍ പ്രചരണ ബോര്‍ഡുകള്‍ മിക്കതും സ്ഥാപിച്ചിട്ടുള്ളത്. ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പിനുശേഷവും എടുത്തുമാറ്റിയില്ലെങ്കില്‍ നഗരങ്ങളിലും റോഡുകളിലും മാലിന്യമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."