ഉപ്പള റെയില്‍വേ സ്റ്റേഷന്‍: വാക്കുപാലിച്ചില്ലെങ്കില്‍ സമരമെന്ന് എച്ച്.ആര്‍.പി.എം
കാസര്‍കോട്: ഉപ്പള റെയില്‍വേ സ്റ്റേഷന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ റെയില്‍വേ വാക്കു പാലിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍. സ്റ്റേഷനില്‍ നേത്രാവതി ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുക, പി.ആര്‍.എസ് കൗണ്ടര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ 37 ദിവസം ഉപ്പളയില്‍ സത്യാഗ്രഹ സമരം നടത്തിയിരുന്നു.
ഇതിന്റെ ഫലമായി ഉപ്പളയില്‍ എത്തിയ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരും ഡിവിഷണല്‍ റെയില്‍വേ മാനേജരും ചര്‍ച്ചകള്‍ നടത്തി ഉപ്പള പൈതൃക സ്റ്റേഷനാക്കുമെന്നും നേത്രാവതിക്ക് ട്രയല്‍ സ്റ്റോപ്പ് ആദ്യം നടത്തുമെന്നും പി.ആര്‍.എസ്(പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം) കൗണ്ടര്‍ സ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ആരംഭിക്കാത്ത സാഹചര്യത്തില്‍ എച്ച്.ആര്‍.പി.എം നേതാക്കള്‍ ഇന്നലെ പാലക്കാട് എത്തി ഡി.ആര്‍.എമ്മുമായി ചര്‍ച്ച നടത്തി.
വാക്ക് പാലിച്ചില്ലെങ്കില്‍ സമരവുമായി മന്നോട്ടുപോകുമെന്ന് നേതാക്കള്‍ അറിയിച്ചപ്പോള്‍ തീര്‍ച്ചയായും വാക്ക് പാലിക്കുമെന്നും തെരഞ്ഞെടുപ്പ് സാഹചര്യമാണ് വൈകാന്‍ കാരണമെന്നും ഡി.ആര്‍.എം പ്രതാപ് സിങ് ഷമി പറഞ്ഞു.
ഉപ്പള പദ്ധതി അടിയന്തിര പ്രാധാന്യത്തോടെ ചെയ്യുന്നതിന് സീനിയര്‍ ഡി.സി.എം ജെറിന്‍ ജോസഫിനെ അദ്ദേഹം ചുമതലപ്പെടുത്തി.
ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) ദേശീയ ചെയര്‍മാന്‍ പ്രകാശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ദേശീയ ട്രഷറര്‍ എം.വി.ജി നായര്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, മഹമ്മൂദ് കൈകമ്പ, അബൂബക്കര്‍ കൊട്ടാരം, നാസര്‍ ചെര്‍ക്കളം, മുനവ്വര്‍ തമീം എന്നിവരാണ് ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."