ചായ്യോത്ത് സ്‌കൂളിലെ ബൂത്തില്‍ 99 ശതമാനം പോളിങ്; പിന്നില്‍ രാമന്തളി സ്‌കൂളിലെ ബൂത്ത്
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ചായ്യോത്ത് സ്‌കൂളിലെ ബൂത്തില്‍ 99 ശതമാനം പോളിങ്. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 190-ാം നമ്പര്‍ ബൂത്താണ് മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് നിലയുമായി അപൂര്‍വ നേട്ടം കരസ്ഥമാക്കിയത്. പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ രാമന്തളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 116-ാം ബൂത്തിലാണ് ലോക്‌സഭാ മണ്ഡലത്തിലെ ഏറ്റവും കുറവ് (61.7) പോളിങ് രേഖപ്പെടുത്തിയത്.
മഞ്ചേശ്വരത്തെ ഒരു ബൂത്തിലും പോളിങ് നില 90 ശതമാനം കടന്നില്ല. മഞ്ചേശ്വരത്ത് ഏറ്റവും കൂടിയ പോളിങ് (88 ശതമാനം) ജി.എച്ച്.എസ്.എസ് പദ്രെയിലെ 198ാം ബൂത്തിലും കുറവ് (65.8 ശതമാനം) കുര്‍ച്ചിപള്ള ഗവ. ഹിന്ദുസ്ഥാനി യു.പി സ്‌കൂളിലെ 79-ാം ബൂത്തിലുമാണ്. കാസര്‍കോട് ഏറ്റവും കൂടുതല്‍ വോട്ട് (92.1 ശതമാനം) രേഖപ്പെടുത്തിയത് കുണ്ടില അങ്കണവാടിയിലെ 47ാം ബൂത്തിലാണ്. ഈ മണ്ഡലത്തില്‍ മറ്റു ബൂത്തുകളിലൊന്നും പോളിങ് നില 90 ശതമാനം കടന്നില്ല. ഏറ്റവും കുറവ് (61.8 ശതമാനം) തളങ്കര ഗവ. മുസ്‌ലിം എല്‍പി സ്‌കൂളിലെ 170-ാം ബൂത്തിലാണ്.
ഉദുമയില്‍ കൂടിയത് (92.1 ശതമാനം) പാക്കം ജി.എച്ച്.എസിലെ 115-ാം ബൂത്തിലും കുറവ് (65.2 ശതമാനം) മൗവ്വലിലെ രിഫാഇയ്യ എല്‍.പി.എസിലെ 119-ാം ബൂത്തിലുമാണ്. കാഞ്ഞങ്ങാട് ഏറ്റവും കുറവ് (69.2 ശതമാനം) പടന്നക്കാട് ശ്രീ നാരായണ ടിടിയിലെ 171 -ാം ബൂത്തിലാണ്. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ എ.എല്‍.പി.എസ് പാലായിയിലെ 24-ാം നമ്പര്‍ ബൂത്തില്‍ 98.2 ശതമാനം പോള്‍ ചെയ്തു. ഏറ്റവും കുറവ്(69.7 ശതമാനം) പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആര്‍.വി.എച്ച്.എച്ച്.എസ്.എസിലെ 139-ാം ബൂത്തിലാണ്.
പയ്യന്നൂരില്‍ ഏറ്റവും കൂടുതല്‍ (97.2 ശതമാനം) പോളിങ് നടന്നത് മണിയറ ജി.എല്‍.പി സ്‌കൂളിലെ 54 -ാം ബൂത്തിലാണ്. കല്യാശ്ശേരിയില്‍ കടന്നപ്പള്ളി എല്‍.പി സ്‌കൂളിലെ 52-ാം ബൂത്തില്‍ 98.7 ശതമാനവും ഗവ. ഗേള്‍സ് എച്ച്.എസ് മാടായിയിലെ 65-ാം ബൂത്തില്‍ ഏറ്റവും കുറഞ്ഞ (66.5 ശതമാനം) പോളിങ് നിലയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."