അക്ഷരമുറ്റത്ത് അവര്‍ എത്തിയത് അറിവിന്റെ സ്നോഹോപാഹരവുമായി
കൊയിലാണ്ടി: നാട് കാണാനെത്തിയ വിദേശികള്‍ നാടിന്റെ ഭാവി വാഗ്ദാനങ്ങള്‍ക്ക് സമ്മാനിച്ചത് അറിവിന്റെ താളുകള്‍. അമേരിക്കന്‍ സഞ്ചാരികളും അമ്മയും മകനുമായ കെറി ജോണ്സണ് ആന്ഡേഴ്സണ്, ജോണ്‍ എറിക് ആന്ഡേഴ്സണ് എന്നിവരാണ് കഴിഞ്ഞ ദിവസം കൊയിലാണ്ടി ഗവ ഫിഷറീസ് യു.പി സ്കൂളില്‍ അതിഥികളായെത്തിയത്. ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍.
യാത്രക്കിടെ കൊയിലാണ്ടി ഹാര്‍ബര്‍ പരിസരത്ത് എത്തിച്ചേര്‍ന്ന സഞ്ചാരികള്‍ ഫിഷറീസ് സ്കൂള്‍ വിദ്യാര്‍ഥികളുമായി പരിചയപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തു. തുടര്‍ന്ന് സ്കൂള്‍ സന്ദര്‍ശനത്തിനുള്ള അനുവാദം തേടിയ സഞ്ചാരികള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരമായി 25,000 രൂപയുടെ ഇംഗ്ലീഷ് പുസ്തകശേഖരവുമായാണ് സ്കൂളിലെത്തിയത്.
സ്നേഹ സമ്മാനവുമായി സ്കൂളിലെത്തിയ അതിഥികള്‍ക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.
ഹെഡ്മാസ്റ്റര് കെ.ടി രമേശന് സ്വീകരണ യോഗത്തില്‍ അധ്യക്ഷനായി. ഡയറ്റ് ഫാക്കല്‍റ്റി എം തമ്പാന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. എ ഗോവിന്ദന്, ഇ ശിവദാസ്, കെ.ടി ജോര്‍ജ്, ആര് ഉഷാകുമാരി, യു ഷെമീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."