കുടക് പ്രളയം: രക്ഷകരായ വിഖായ സംഘത്തിന് ഉംറക്ക് അവസരമൊരുക്കി മന്ത്രി
മടിക്കേരി (കര്‍ണാടക): കേരളത്തിന് സമാനമായ പ്രളയക്കെടുതി നേരിടേണ്ടി വന്ന കുടകില്‍ സമര്‍പ്പിത സേവനം നടത്തിയ എസ്.കെ.എസ്.എസ്.എഫ് സുള്ള്യ വിഖായ സംഘത്തിന് അഭിനന്ദന പെരുമഴ.
കുടക് ജില്ലയിലെ ജോടുപാലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വിഖായയുടെ 13അംഗങ്ങള്‍ക്കും കര്‍ണാടക ഭക്ഷ്യ, ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി സമീര്‍ അഹ്മദ് ഖാന്‍ സ്വന്തം ചെലവില്‍ ഉംറ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുമെന്നു പ്രഖ്യാപിച്ചു. ഇവര്‍ക്ക് ആധുനിക സജ്ജീകരണങ്ങളുള്ള ആംബുലന്‍സ് നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കുടകിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം മടിക്കേരിയില്‍ എത്തിയതായിരുന്നു മന്ത്രി. കുടകിന്റെ ചുമതലയുള്ള മന്ത്രി എസ്.ആര്‍ മഹേഷും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ 17നു പുലര്‍ച്ചെയുണ്ടായ ശക്തമായ ഉരുള്‍ പൊട്ടലിലും മലയിടിച്ചിലിലും ജോടുപാല, ദേവര്‍കൊല്ലി പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. മടിക്കേരി - സുള്ള്യ ദേശീയ പാതയില്‍ മടിക്കേരിയില്‍ നിന്നു 14 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. പ്രളയത്തില്‍ പുറത്തുകടക്കാനാവാതെ പാതയുടെ താഴ്ഭാഗത്തു കഴിയുന്ന കുടുംബങ്ങളിലെ സ്ത്രീകളും പിഞ്ചു കുട്ടികളുമടക്കം അഞ്ഞൂറോളം പേര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
ദുരന്ത വിവരമറിഞ്ഞ് താജുദീന്‍ ടര്‍ലിയുടെ നേതൃത്വത്തിലുള്ള വിഖായ പ്രവര്‍ത്തകര്‍ അന്നു രാവിലെ ജോടുപാലയില്‍ എത്തുകയായിരുന്നു. എന്നാല്‍ അപകടഭീതി മുന്നില്‍ക്കണ്ട് ദുരന്ത സ്ഥലത്തേക്ക് പോവാന്‍ നാട്ടുകാര്‍ അവരെ അനുവദിച്ചില്ല. പക്ഷേ, സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ രണ്ടും കല്‍പിച്ച് തങ്ങള്‍ ദുരന്ത പ്രദേശത്തേക്ക് നീങ്ങുകയായിരുന്നുവെന്നു താജുദ്ദീന്‍ പറഞ്ഞു. അതിസാഹസമായിരുന്നു രക്ഷാപ്രവര്‍ത്തനം. ദേശീയ പാതയിലേക്കു വലിയ കയറുകള്‍ ബന്ധിപ്പിച്ച് ഇതിലൂടെ വലിച്ചുകയറ്റിയാണ് വയോധികരും കുട്ടികളും അടങ്ങുന്ന മുന്നൂറോളം പേരെ ദുരന്തമുഖത്തു നിന്നു രക്ഷപ്പെടുത്തിയത്. ദുരന്ത പ്രദേശത്തെത്തിയ വിഖായ സംഘം ആദ്യം കണ്ടത് തകര്‍ന്നടിഞ്ഞു കിടക്കുന്ന ഒരു വീടായിരുന്നു.
സമീപത്തായി ചെളിയില്‍ പൂണ്ടുകിടക്കുന്ന വീട്ടുകാരനായ ബസപ്പയുടെ മൃതദേഹവും. വിഖായ സേവന സംഘം മൃതദേഹം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ടുപോയ തങ്ങളെ ആരു രക്ഷിക്കുമെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് നീല ബനിയന്‍ ധരിച്ച് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ എത്തിയതെന്ന് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന മഞ്ജു പറഞ്ഞു. എട്ടു മണിക്കൂര്‍ നീണ്ട അതിസാഹസമായ പ്രവര്‍നത്തിലൂടെയാണ് മരണ മുഖത്തുനിന്നു മുന്നൂറോളം പേരെ അവര്‍ രക്ഷപ്പെടുത്തിയെന്നു നിറകണ്ണുകളോടെ മഞ്ജു ഓര്‍ത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."