സഊദിയില്‍ പുതിയ സ്വദേശിവത്കരണത്തിന് ഇനി രണ്ടാഴ്ച മാത്രം; ആശങ്കയോടെ മലയാളികളടക്കമുള്ള പ്രവാസികള്‍
ജിദ്ദ: സഊദിയില്‍ പുതുതായി 12 മേഖലകളിലായി പ്രഖ്യാപിച്ച സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ മലയാളികളെയടക്കം ആയിരക്കണക്കിന് പ്രവാസികള്‍ ആശങ്കയില്‍. സെപ്റ്റംബര്‍ 11നാണ് സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമാവുക. ഇതിന് മുന്നോടിയായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നടപടി ക്രമങ്ങള്‍ തുടങ്ങി.
12 മേഖലകളിലെ ചില്ലറ മൊത്ത വ്യാപാര മേഖലകളില്‍ ഉള്‍പ്പെടെയാണ് അടുത്തമാസം മുതല്‍ സ്വദേശിവല്‍ക്കരണം വരുന്നത്. നൂറ് ശതമാനം സ്വദേശിവല്‍ക്കരമാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് നേരിയ ഇളവ് വരുത്തി. ഇതുപ്രകാരം 70 ശതമാനം സ്വദേശിവല്‍ക്കരണമാണ് നടപ്പാക്കുക. എങ്കിലും ചെറുകിട സ്ഥാപനങ്ങളിലെ പ്രവാസികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. 10 ജീവനക്കാരുള്ള സ്ഥാപനത്തില്‍ ഏഴ് വിദേശികളെ വയ്ക്കണമെന്ന നിബന്ധനയില്‍ ആശങ്കയിലാണ് വിദേശികള്‍.
സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ് സെപ്റ്റംബര്‍ 11 മുതലുള്ള സ്വദേശിവല്‍ക്കരണം. കടകള്‍ പൂട്ടുകയാണെന്നും നാട്ടിലേക്ക് തിരിക്കുകയാണെന്നും ഒട്ടേറെ പ്രവാസികള്‍ പറയുന്നു. അതേസമയം പലരും കടകളിലെ സാധനങ്ങള്‍ വിറ്റഴിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. വലിയ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് നിലവില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കും.
മൂന്ന് ഘട്ടങ്ങളായിട്ടാണ് പുതിയ സ്വദേശിവല്‍ക്കരണം സഊദി അറേബ്യ നടപ്പാക്കുന്നത്. ആദ്യത്തേത് സെപ്റ്റംബര്‍ 11ന്. രണ്ടാംഘട്ടം നവംബര്‍ ഒന്‍പതു മുതല്‍. മൂന്നാംഘട്ടം ജനുവരി ഒന്ന് മുതല്‍. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലാണ് പുതിയ നടപടി.
വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വസ്ത്രക്കട, വീട്ടുപകരണങ്ങളുടെ കടകള്‍, പാത്രക്കടകള്‍ ഉള്‍പ്പെടുന്നതാണ് ആദ്യഘട്ടം. നവംബര്‍ ഒമ്പതുമുതല്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് കടകള്‍, വാച്ച്, കണ്ണട കടകള്‍. ജനുവരി മുതലുള്ള മൂന്നാംഘട്ടത്തില്‍ ബേക്കറി, സ്‌പെയര്‍ പാട്‌സ്, കാര്‍പ്പറ്റ്്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലും നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."