പാര്‍ട്ടി ആവശ്യപ്പെട്ടു; ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ആശ സനില്‍ രാജിവയ്ക്കും
കാക്കനാട്: പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ആശ സനില്‍ രാജിവയ്ക്കും. ഇന്നലെ രാജിവക്കണമെന്ന നിര്‍ദ്ദേശം ഡി.സി.സി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഐ ഗ്രൂപ്പില്‍ ഉടലെടുത്ത ഗ്രൂപ്പുപോരാണ് ആശാ സനിലിന്റെ സ്ഥാനചലനത്തിനു കാരണമെന്ന് പറയപ്പെടുന്നു.
രണ്ടര വര്‍ഷത്തിനു ശേഷം പ്രസിഡന്റ് പദവി ആവോലി ഡിവിഷനില്‍ നിന്നുള്ള ഡോളി കുര്യാക്കോസിന് കൈമാറണമെന്ന് ജില്ലാ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി ഡോളി കുര്യാക്കോസിന് പിന്തുണ നല്‍കുന്ന ഐ ഗ്രൂപ്പിലെ ചിലര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ അത്തരം തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നും കാലാവധി തീരും വരെ തുടരാനാണ് പാര്‍ട്ടി നേതൃത്വം തനിക്ക് പദവി തന്നതെന്നും ആശ സനില്‍ പറയുന്നു. ഇപ്പോള്‍ രാജിവക്കണമെന്ന പാര്‍ടി നിര്‍ദ്ദേശം താന്‍ അനുസരിക്കുമെന്നും അവര്‍ പറഞ്ഞു.
ഡോളി കുര്യാക്കോസ് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം 2018 നവംബറില്‍ രാജിവച്ചിരുന്നു. ഇത് ഐ ഗ്രൂപ്പിലെ പോര് കൂടുതല്‍ വഷളാക്കുകയും ചെയ്തു. ഐ ഗ്രൂപ്പിലെ തന്നെ രണ്ട് ഉന്നതരാണ് ഡോളി കുര്യാക്കോസിനു വേണ്ടി രംഗത്തുള്ളത്. ഇവരില്‍ ഒരാള്‍ ഇപ്പോള്‍ എം.എല്‍.എയും ഒരാള്‍ മുന്‍ എം.എല്‍.എയുമാണ്.
പദവി തീരാന്‍ ഒന്നര വര്‍ഷം അവശേഷിക്കുമ്പോഴാണ് ആശയുടെ മേല്‍ രാജിസമ്മര്‍ദ്ദം ഏറുന്നത്. പ്രസിഡന്റ് പദവി ലഭിച്ചില്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവക്കുമെന്ന് ഡോളി കുര്യാക്കോസ് പാര്‍ട്ടി നേതൃത്വത്തെ അറിയച്ചതായും റിപ്പോര്‍ടുണ്ട്. പാര്‍ടി സമ്മര്‍ദ്ദം എറിയതിനു കാരണവും ഡോളി കുര്യാക്കോസിന്റെ രാജി ഭീഷണിയാണെന്നും ആക്ഷേപമുണ്ട്. ഇന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് ആശ സനില്‍ രാജി സമര്‍പ്പിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."