യുവതിയ്‌ക്കൊപ്പം ഹോട്ടലില്‍; മേജര്‍ നിതിന്‍ ഗൊഗോയിയെ സൈനിക വിചാരണ ചെയ്യും
ന്യൂഡല്‍ഹി: ഹോട്ടലില്‍ നിന്ന് യുവതിയോടൊപ്പം പൊലിസ് കസ്റ്റഡിയിലെടുത്ത മേജര്‍ നിതിന്‍ ഗൊഗോയിയെ സൈനിക വിചാരണയ്ക്ക് വിധേയനാക്കും. സംഭവത്തില്‍ മേജര്‍ ഗൊഗോയി പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
കശ്മിരിലെ ഗ്രാന്‍ഡ് മമത ഹോട്ടലില്‍നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടൊപ്പം മേജറെ കണ്ടതിനെ തുടര്‍ന്ന് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗൊഗോയിയുടെ പേരില്‍ ഓണ്‍ലൈനായാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നുത്. ഹോട്ടലില്‍ ഡ്രൈവറോടൊപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയുമായി എത്തിയത്. സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൈനികനും ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
മേജര്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ മാതാവും രംഗത്തുവന്നിരുന്നു. മേജറും സുഹൃത്തും മുന്‍പ് രണ്ടുതവണ വീട്ടില്‍ വന്നിരുന്നുവെന്നും വീട്ടില്‍ പട്ടാളക്കാരെത്തിയതു കണ്ടയുടന്‍ താന്‍ അബോധാവസ്ഥയിലായെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. വീട്ടില്‍ തങ്ങള്‍ വന്നതിനെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഗൊഗോയ് ഭീഷണിപ്പെടുത്തുകയുണ്ടായി.
കഴിഞ്ഞ മാര്‍ച്ചില്‍ സിവില്‍ വസ്ത്രത്തിലായിരുന്നു ഇരുവരും വീട്ടില്‍ വന്നത്. ഗൊഗോയിക്കൊപ്പം വന്നത് മേജര്‍ സമീര്‍ മാള ആണെന്നു പിന്നീട് മനസിലായി. മകളെ വശീകരിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. അടുത്തിടെ രാത്രി സമയത്തും അവര്‍ വീട്ടില്‍ വന്നിരുന്നു.
ഇതിനിടെ മകളെ ബന്ധുവീട്ടിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. പിന്നീടാണ് അറിയുന്നത് അവളെ മേജര്‍ ഗൊഗോയ് കൊണ്ടുപോയെന്നും അവരെ ഹോട്ടലില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും. തന്റെ മകള്‍ക്ക് 17 വയസ് മാത്രമെയുള്ളൂവെന്നും മാതാവ് പറഞ്ഞിരുന്നു.
2017 ഏപ്രിലില്‍ ശ്രീനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിനിടയില്‍ കലാപകാരികളില്‍ നിന്ന് കല്ലേറ് ചെറുക്കാന്‍ ഫാറൂഖ് അഹമ്മദ് ഖാന്‍ എന്ന യുവാവിനെ ജീപ്പിനു മുന്നില്‍ മേജര്‍ ഗൊഗോയി കെട്ടിയിട്ട നടപടിയും വന്‍ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."