കൊവിഡ് വ്യാപനത്തിന് ഒരു സമുദായത്തെ പഴിചാരുന്ന സാഹചര്യമുണ്ടാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ശീഈ ആചാരമായ മുഹര്‍റം വിലാപയാത്രക്ക് അനുമതി നല്‍കണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. ഇതനുവദിച്ചാല്‍ രാജ്യത്ത് കുഴപ്പം ഉണ്ടാകുമെന്നും കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഒരു സമുദായത്തെ ലക്ഷ്യംവച്ച് കുറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടാകുമെന്നുമുള്ള വിചിത്രകാരണം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് അനുമതി നിഷേധിച്ചത്. ജഗന്നാഥ് പുരി രഥയാത്രക്കും മുംബൈയിലെ ജൈനക്ഷേത്രങ്ങള്‍ തുറക്കാനും ഇതേ കോടതി തന്നെ അനുമതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ നഗരങ്ങളിലെങ്കിലും മുഹര്‍റം യാത്രക്ക് അനുമതി നല്‍കണമെന്നുമുള്ള ഹരജിക്കാരന്റെ അഭിഭാഷകന്‍ അഹമ്മദ് അസിം എച്ച് ലസ്‌കര്‍ ആവശ്യപ്പെട്ടെങ്കിലും അവിടെ മറ്റു ചില കാരണങ്ങളുള്ളതു കൊണ്ടാണ് അനുമതി നല്‍കിയതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രം നടത്തുന്ന ചടങ്ങുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇവിടെ രാജ്യമെമ്പാടും വിലാപയാത്ര നടത്താന്‍ അനുമതി വേണമെന്നാണ് ആവശ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിരവധി ആളുകള്‍ ഒത്തു കൂടുന്ന ചടങ്ങാണിതെന്നും അതിനാല്‍ കൊവിഡ് സാഹചര്യത്തില്‍ ആളുകളുടെ ആരോഗ്യം അപകടത്തിലാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു. ലഖ്‌നോയില്‍ മാത്രം ചടങ്ങ് നടത്താന്‍ അനുമതി നല്‍കുമോയെന്ന അഭിഭാഷകന്റെ ചോദ്യത്തിന് ഇക്കാര്യത്തിന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ശിഈ പണ്ഡിതനായ കല്‍ബെ ജവാദാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."