ടിപ്പുവിനെ പുകഴ്ത്തി ബി.ജെ.പി നേതാവ്; പ്രസ്താവന തള്ളി പാര്‍ട്ടി
ബംഗളൂരു: ടിപ്പുസുല്‍ത്താനെതിരേ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിരന്തരം ആരോപണമുയര്‍ത്തുകയും കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍നിന്നടക്കം അദ്ദേഹത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ താല്‍ക്കാലികമായി ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തിലും, ടിപ്പു സുല്‍ത്താനെ പുകഴ്ത്തി കര്‍ണാടകയിലെ ബി.ജെ.പി നേതാവ് രംഗത്ത്. കര്‍ണാടകയിലെ നിയമനിര്‍മാണ കൗണ്‍സില്‍ അംഗവും ബി.ജെ.പി നേതാവുമായ എ.എച്ച് വിശ്വനാഥാണ് കഴിഞ്ഞ ദിവസം ടിപ്പുവിനെ പുകഴ്ത്തി രംഗത്തെത്തിയത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടിഷുകാരോട് പടപൊരുതിയയാളാണ് ടിപ്പുവെന്നും അദ്ദേഹം മണ്ണിന്റെ മകനാണെന്നുമായിരുന്നു വിശ്വനാഥിന്റെ പരാമര്‍ശം. ടിപ്പു സുല്‍ത്താന്‍ അടക്കമുള്ളവരുടെ ധീരമായ പോരാട്ടത്തിന്റെ ഓര്‍മകള്‍ക്കു മുന്‍പില്‍ ശിരസുനമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ അഭിപ്രായം ഇങ്ങനെയല്ലല്ലോയെന്ന ചോദ്യത്തിന്, അതു മറ്റൊരു വിഷയമാണെന്നും ടിപ്പു ഏതെങ്കിലും മതവുമായോ പാര്‍ട്ടിയുമായോ കൂട്ടിക്കെട്ടേണ്ട ആളല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ, ജെ.ഡി.എസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് വിശ്വനാഥ്. എന്നാല്‍, വിശ്വനാഥിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ടിപ്പു മതഭ്രാന്തനും സ്വേച്ഛാധിപതിയുമായിരുന്നെന്നും കര്‍ണാടക ബി.ജെ.പി വക്താവ് ഗണേഷ് കര്‍ണിക് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."