കുടിവെള്ളം കിട്ടാക്കനിയായപ്പോള്‍ നാട്ടുകാര്‍ ഒന്നിച്ചു; ശക്തിനഗറില്‍ വെള്ളം വീട്ടുമുറ്റത്തെത്തി
ബി.എസ് കുമാര്‍
ഏറ്റുമാനൂര്‍: കുടിവെള്ളം കിട്ടാകനിയായപ്പോള്‍ നാട്ടുകാര്‍ ഒന്നിച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെ സഹകരണം കൂടിയായപ്പോള്‍ ഏറ്റുമാനൂര്‍ ശക്തിനഗറില്‍ വെള്ളം വീട്ടുമുറ്റത്തെത്തിയത് നാല്‍പതോളം വീടുകളില്‍.
വേനലില്‍ കിണറുകള്‍ വറ്റിവരണ്ട് ലോറിവെള്ളം മാത്രം ആശ്രയമായിരുന്ന നാട്ടുകാര്‍ക്ക് തുണയായത് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതി.
പൈപ്പ് കണക്ഷന്‍ ഇല്ലാതിരുന്ന പ്രദേശത്ത് വാട്ടര്‍ അതോറിറ്റിയുടെ വെള്ളം എത്തിക്കുക എന്നത് ശ്രമകരമായ പദ്ധതിയായിരുന്നു. റസിഡന്റ്്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാട്ടര്‍ അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രദേശത്ത് പൈപ്പ് ഇട്ടു തന്നാല്‍ വെള്ളം എത്തിക്കാമെന്ന ഉറപ്പും ലഭിച്ചു. പക്ഷെ പൈപ്പ് ഇടാന്‍ എംഎല്‍എ ഫണ്ടോ നഗരസഭയുടെ ഫണ്ടോ ഉടന്‍ ലഭിക്കില്ലാത്ത അവസ്ഥയായിരുന്നു. അവസാനം പരിസരവാസികള്‍ എല്ലാവരും കൂടി സ്വയം പിരിവിട്ട് പൈപ്പ് ഇടുവാനുള്ള തുക കണ്ടെത്തി.
എം.സി.റോഡിന്റെ ഇരുവശത്തും കൂടിയുള്ള വലിയ പൈപ്പില്‍ നിന്ന് ശക്തിറോഡിലൂടെ കുന്നിന്‍പ്രദേശമായ ശക്തിലെയിനിലേക്കും തുടര്‍ന്ന് ഓരോ ഇടവഴികളിലേക്കും പൈപ്പിട്ടു. വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഷ്ണുവിന്റെ നേതൃത്വത്തില്‍ അധികൃതര്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയശേഷമാണ് കുന്നിന്‍പ്രദേശങ്ങളിലേക്ക് പൈപ്പ് ഇടുന്ന ജോലികള്‍ ആരംഭിച്ചത്. എം.സി റോഡരികിലെ ഏതാനും പേര്‍ക്കും പദ്ധതി പ്രകാരം വെള്ളം ലഭിച്ചു. മടത്തേട്ട് ലെയിന്‍, വികെബി റോഡ് എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിക്കാനുള്ള ശ്രമത്തിലാണ് റസിഡന്റ്‌സ് അസോസിയേഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."