റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനുമേല്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തുന്നുവെന്ന് സാകിര്‍ നായിക്
മുംബൈ: തനിക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനുമേല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് മതപ്രഭാഷകന്‍ സാകിര്‍ നായിക്. ഇന്റര്‍പോളിനുമേലുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തെക്കുറിച്ച് തനിക്കറിയാമെന്ന് സാകിര്‍ നായിക് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 'തനിക്കെതിരായ നോട്ടിസ് ഇന്റര്‍പോള്‍ ഇതിനകം തന്നെ റദ്ദാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കുറ്റപത്രം പുറപ്പെടുവിച്ചിട്ടും ഇന്റര്‍പോളില്‍ സമ്മര്‍ദം ചെലുത്താനാരംഭിച്ചിട്ടും ഒന്നര വര്‍ഷമായി. എന്നാല്‍ ഇത്തരം സമ്മര്‍ദങ്ങള്‍ക്ക് ഇന്റര്‍പോള്‍ വഴങ്ങുമെന്ന് കരുതുന്നില്ല.' - പ്രസ്താവനയില്‍ പറയുന്നു.
2016ല്‍ രാജ്യം വിട്ട നായിക് നിലവില്‍ മലേഷ്യയിലുള്ളതായാണ് കരുതുന്നത്. സാകിര്‍ നായിക്കിന്റെ നേതൃത്വത്തില്‍ മുംബൈ ആസ്ഥാനമായുള്ള സംഘടനയായ ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെതിരേ 2016 നവംബറില്‍ യു.എ.പി.എ ചുമത്തിയിരുന്നു. തുടര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പ്രചോദിപ്പിച്ചു എന്ന് ആരോപിച്ച് സാകിര്‍ നായിക്കിനെതിരേ എന്‍ഐഎ കേസെടുക്കുകയും ചെയ്തു.
നായികിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം 2017ല്‍ ഇന്റര്‍പോള്‍ തള്ളിയിരുന്നു. മലേഷ്യയില്‍ സ്ഥിരതാമസമാക്കാന്‍ നായിക്കിന് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അന്ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സാക്കിറിനെതിരെ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നായിരുന്നു അന്ന് ഇന്റര്‍പോള്‍ ഇന്ത്യക്ക് മറുപടി നല്‍കിയത്. ഇന്ത്യയുടെ നടപടി അപക്വമാണെന്നും അന്ന് ഇന്റര്‍പോള്‍ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."