ബങ്കുകളില്‍ പ്രവര്‍ത്തിക്കുന്ന ലാബുകള്‍ പൂട്ടണമെന്ന്
തൊടുപുഴ : ഇടുക്കി മെഡിക്കല്‍ കോളജിലേക്കുള്ള റോഡരികില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബങ്കുകളില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍ ആവശ്യമെങ്കില്‍ അടച്ചു പൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നേരിട്ട് ഇടപെടണമെന്നും സ്വീകരിച്ച നടപടികള്‍ മെയ് 31 നകം ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ലാബുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അടച്ചു പൂട്ടാന്‍ 2018 ജൂണ്‍ ഒന്നിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ന്യൂനതകള്‍ പരിഹരിച്ചെന്ന ലാബുടമകളുടെ അപേക്ഷയില്‍ കര്‍ശന വ്യവസ്ഥകളോടെ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി. എന്നാല്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് തുടര്‍ന്നുവെന്ന് പരാതി ലഭിച്ചു.
വിഷയത്തില്‍ പുനരന്വേഷണം നടത്താന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ജൂണിയര്‍ സയന്റിഫിക് ഓഫിസര്‍ റോയി വര്‍ഗീസിന്റെ സേവനം വിട്ടുനല്‍കാന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കമ്മിഷനെ അറിയിച്ചു. നാലുമാസങ്ങള്‍ക്കു ശേഷവും ഒരു മറുപടി പോലും അയക്കാത്തത് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുള്ള കൃത്യവിലോപമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
കൂടുതല്‍ നടപടികളിലേക്കു കടക്കുന്നില്ലെങ്കിലും ഇത്തരം അലംഭാവം ആവര്‍ത്തിക്കരുതെന്ന് കമ്മിഷന്‍ താക്കീത് നല്‍കി. അനില്‍കുമാര്‍ ആനക്കനാട്ട് നല്‍കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."