ചിന്നക്കനാലില്‍ ഭൂസമരത്തിനൊരുങ്ങി ആദിവാസി സംഘടനകളും
രാജാക്കാട്: ചിന്നക്കനാലില്‍ തൊഴിലാളികള്‍ കുടില്‍കെട്ടി സമരം ആരംഭിച്ചതിന് പിന്നാലെ ആദിവാസികള്‍ക്കായി ഏറ്റെടുത്ത് ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു. 2002ല്‍ ആദിവാസികള്‍ക്കായി ഏറ്റെടുത്ത ഭൂമി പകുതിയിലധികവും കൈയേറ്റക്കാരുടെ കൈവശമാണെന്നും പട്ടികവര്‍ഗ്ഗ ഏകോപന സമതി.
പട്ടികവര്‍ഗ്ഗ ഏകോപന സമതി സംസ്ഥാന ജനറല്‍ സെക്രട്ടറി സാറാമ്മാ ജോസഫിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2002 ലാണ് അന്നത്തെ ആന്റണി സര്‍ക്കാര്‍ ചിന്നക്കനാലിലെ വനംവകുപ്പ് ഏകവിളത്തോട്ടമായി ഉപയോഗിച്ച് വന്നിരുന്ന 1490 ഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ 668ഏക്കര്‍ ഭൂമി വിതരണം ചെയ്യുകയും ചെയ്തു. എന്നാല്‍ ബാക്കിയുള്ള 822 ഏക്കര്‍ ഭൂമി വീതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചില്ല. നിലവില്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ ഇവിടെ ഭൂമിയില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വാദം. എന്നാല്‍ റന്യൂ ഭൂമികള്‍ കൈയേറ്റ മാഫിയായുടെ കൈകളിലാണെന്നും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതിന് വേണ്ടി റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയാണെന്നും ആദിവാസി സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു.
2017ല്‍ വിതരണം ചെയ്യാന്‍ ഏറ്റെടുത്ത ഭൂമിയില്‍ കയ്യേറ്റമുണ്ടെന്ന് കാണിച്ച് പട്ടികവര്‍ഗ്ഗ ഏകോപന സമതി നല്‍കിയ പരാതിയ്ക്ക് മറുപടി ലഭിച്ചത് 2019ലാണ്. ഇതില്‍ പറയുന്നത് ചിന്നക്കനാലില്‍ ഇനിഭൂമിയില്ലെന്നും ഉണ്ടായിരുന്ന ഭൂമി എച്ച് എന്‍ എല്‍ കമ്പനിയിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇവിടെ ഭൂമി കൈയേറ്റമാഫിയായുടെ കൈകളിലാണെന്നും അതുകൊണ്ട് തന്നെ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പട്ടിക വര്‍ഗ്ഗ ഏകോപന സമതി ജനറല്‍ സെക്രട്ടറി സാറാമ്മ ജോസഫ് പറഞ്ഞു. നിലവില്‍ ചിന്നക്കനാലിലെ സൂര്യനെല്ലിയില്‍ റവന്യൂ ഭൂമി കയ്യേറി ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ നടത്തുന്ന കുടില്‍കെട്ടിയുള്ള സമരം തുടരുന്ന സമയത്താണ് ആദിവാസി സംഘടനകളും സമരത്തിലേയ്ക്ക് നീങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചിന്നക്കനാലില്‍ ഭൂമി വിവാദം പുകയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."