എന്‍ജിനീയറിങ് കോളജില്‍നിന്ന് ബാറ്ററി മോഷ്ടിച്ച മൂന്നംഗ സംഘം റിമാന്‍ഡില്‍
ചെറുതോണി: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച് വില്‍പ്പന നടത്തിയ മൂന്നംഗ സംഘത്തെ ഇടുക്കി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഗാന്ധിനഗര്‍ കോളനിയില്‍ താമസിക്കുന്ന മുടലികണ്ടത്തില്‍ കുമാരന്റെ മകന്‍ ബിബിന്‍ (35), വാഴത്തോപ്പ് വഞ്ചിക്കവല സ്വദേശികളായ തണ്ടേല്‍ തങ്കച്ചന്റെ മകന്‍ രഞ്ചു (30), പുതുപ്പറമ്പില്‍ വീട്ടില്‍ രംഗനാഥന്റെ മകന്‍ പ്രശാന്ത് (34) എന്നിവരാണ് റിമാന്‍ഡിലായത്. എന്‍ജിനീയറിങ് കോളജിന്റെ വരാന്തയില്‍ സൂക്ഷിച്ചിരുന്ന 18 ബാറ്ററികളാണ് പ്രതികള്‍ മൂവരുംചേര്‍ന്ന് ബിബിന്റെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയത്.
തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് നാലിനാണ് സംഭവം. വനപ്രദേശത്തോട് ചേര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്താണ് കോളജ് സ്ഥിതിചെയ്യുന്നത്.നാല് കെട്ടിടങ്ങളാണ് കോളജിനുള്ളത്. സമീപത്താരും താമസമില്ല. അവധിദിവസമായിരുന്നതിനാലും പകല്‍ ആയതുകൊണ്ടും സെക്യൂരിറ്റിക്കാര്‍ മറ്റ് കെട്ടിടങ്ങളിലായിരുന്നു.
യുവാക്കള്‍ ബാറ്ററി കടത്തികൊണ്ടുപോകുന്നത് എന്‍ജിനീയറിങ് കോളജിലെ ഒരു ജീവനക്കാരന്‍ കാണാനിടയായി. ഇയാള്‍ സെക്യൂരിറ്റിക്കാരെ വിവരമറിയിച്ചു. ഇവര്‍ ഓടിയെത്തിയപ്പോഴേക്കും ഓട്ടോറിക്ഷ വിട്ടുപോയി. ഓട്ടോറിക്ഷയുടെ നമ്പര്‍ കുറിച്ചെടുത്ത ഇവര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ഇടുക്കി സി.ഐ രാജന്‍. കെ. അരമനയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
മോഷണ മുതല്‍ ചെറുതോണിയിലുള്ള ആക്രിക്കടയില്‍ നിന്നും രാത്രിയോടെ കണ്ടെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്‍ജിനീയറിങ് കോളജിലെ കംപ്യൂട്ടറുകള്‍ക്ക് ഉപയോഗിക്കുന്ന ബാറ്ററികളാണ് കടത്തിക്കൊണ്ടുപോയത്. ഓരോന്നിനും 50,000 രൂപവീതം വിലവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."