ചീഫ് ജസ്റ്റിസിനെതിരായ പരാതി: ഗൂഡാലോചന സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവ്; ചുമതല റിട്ട. ജസ്റ്റിസ് എകെ പട്‌നായികിന്
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിക്കു പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണത്തിന് സുപ്രിം കോടതി ഉത്തരവ്. റിട്ട. ജസ്റ്റിസ് എകെ പട്‌നായികിനാണ് അന്വേഷണ മേല്‍നോട്ടം. ഐബി, സിബിഐ, ഡല്‍ഹി പോലിസ് അടക്കമുള്ള ഏജന്‍സികള്‍ സംയുക്തമായാണ് അന്വേഷണം നടത്തുക.
അന്വേഷണ ഏജന്‍സികളുടെ മേധാവിമാര്‍ റിട്ട. ജസ്റ്റിസ് എകെ പട്‌നായികിനു വേണ്ട പിന്തുണ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. സുപ്രിം കോടതിയില്‍ ബഞ്ച് ഫിക്‌സിങുണ്ടെന്ന ആരോപണവും അന്വേഷണത്തിന്റെ പരിധിയില്‍ വരും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍എഫ് നരിമാന്‍, ദീപക് ഗുപ്ത എന്നിവരുടെ ബഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗിക പീഡനാരോപണത്തിനു പിറകില്‍ ഗൂഡാലോചനയുണ്ടെന്നു കാണിച്ച് അഭിഭാഷകനായ ഉത്സവ് ബയ്ന്‍സ് സമര്‍പിച്ച സത്യവാങ്മൂലം കോടതി ഇന്നലെ വീണ്ടും പരിശോധിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരേ ഉന്നതതല ഗൂഢാലോചന നടന്നുവെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സിബിഐ, ഐ ബി, ദില്ലി പൊലീസ് ഉന്നത ഉദ്യോഗസ്ഥരോട് കോടതി പ്രതികരണം തേടുകയും ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ തനിക്ക് ഒന്നര കോടി രൂപ ഒരാള്‍ വാഗ്ദാനം ചെയ്തതായി അഭിഭാഷകന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ അനുകൂല വിധി ലഭിക്കുന്ന തരത്തില്‍ ബഞ്ച് തിരഞ്ഞെടുക്കാന്‍ കക്ഷികളെ സഹായിക്കുന്ന (ബഞ്ച് ഫിക്‌സിങ്) ഗൂഡ സംഘം പ്രവര്‍ത്തിക്കുന്നതായും ഉല്‍സവ് ബയ്ന്‍സ് ആരോപിക്കുന്നു. സത്യവാങ്മൂലം പരിശോധിച്ച കോടതി ബഞ്ച് ഫിക്‌സിങ് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. ബഞ്ച് ഫിക്‌സിങ് സംബന്ധിച്ച ആരോപണം ഗുരുതരമാണെന്നു കോടതി അഭിപ്രായപ്പെട്ടു.
സുപ്രിം കോടതി മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരേ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരുന്നത്. ഒരു കോര്‍പറേറ്റ് ഭീമനടക്കമുള്ളവര്‍ ചീഫ് ജസ്റ്റിസിനെതിരായ ഗൂഡാലോചനയില്‍ പങ്കാളികളായതായാണ് ഉത്സവ് ബെയ്ന്‍സ് പറയുന്നത്. ഗൂഡാലോചന നടത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് ബെയ്ന്‍സിന്റെ നിലപാട്. എന്നാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ പറ്റില്ലെന്ന നിലപാടിന് നിയമ പരിരക്ഷയില്ലെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."